കൊച്ചി: അഞ്ചു വയസ്സുകാരി അനുശ്രീക്കുനേരെ ശ്രീജേഷ് ഫുട്‌ബോൾ തട്ടിക്കൊടുക്കുമ്പോൾ അരികിൽ ശ്രീആൻഷിനെയുമെടുത്തു നിൽക്കുകയായിരുന്നു അനീഷ്യ. ഹോക്കി സ്റ്റിക്കിന്റെയും ചെറിയ പന്തിന്റെയും ലോകത്തുനിന്ന് മറ്റൊരു കളത്തിലേക്ക് സഞ്ചരിക്കുമ്പോൾ ശ്രീജേഷ് കൂടെക്കൂട്ടുന്നത് ഫുട്‌ബോളാണ്. പിന്നാലെ ബാസ്കറ്റ് ബോളും ബാഡ്മിന്റണും റോളർ സ്കേറ്റിങ്ങുമൊക്കെ വരുന്നുണ്ട്.

ശ്രീജേഷ് പുതിയ കളത്തിലേക്കു കൂടുമാറുമ്പോൾ പുതിയ വേഷത്തിൽ ഭാര്യ അനീഷ്യയും ഒപ്പമുണ്ട്. ഇരുവരുടേയും പുതിയ സ്വപ്നത്തിന്റെ പേര് ‘കാമ്പിയോനസ്’. സ്പാനിഷിൽ ചാമ്പ്യൻ എന്നർഥമുള്ള കാമ്പിയോനസ് എന്ന പേരിൽ സ്പോർട്‌സ് സിറ്റി തുടങ്ങുകയാണ് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. ശനിയാഴ്ച ആദ്യഘട്ട ഉദ്ഘാടനം നടക്കുമെന്ന് ശ്രീജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.

എറണാകുളം കാക്കനാട്ടെ ഇൻഫോപാർക്കിനടുത്താണ് കാമ്പിയോനസ് എന്ന പേരിൽ ശ്രീജേഷും സംഘവും പുതിയ സ്പോർട്‌സ് സിറ്റി തുടങ്ങുന്നത്. ഫൈവ്‌സ് കളിക്കാൻ സൗകര്യമുള്ള രണ്ടും സെവൻസിനുള്ള ഒന്നും ടർഫ് ഗ്രൗണ്ടുകളോടെയാണ് സ്പോർട്‌സ് സിറ്റി പ്രവർത്തനം തുടങ്ങുന്നത്. ജിംനേഷ്യവും യോഗാ സെന്ററും അടക്കമുള്ള സൗകര്യങ്ങളുണ്ട്. തുടക്കത്തിൽ 200 കുട്ടികൾക്കാണ് പരിശീലനം നൽകുക.

ശ്രീജേഷും സുഹൃത്തുക്കളായ നിസാർ ഇബ്രാഹിം, മുരളീധരൻ, സുരേഷ് ഗോപിനാഥ് എന്നിവർ ചേർന്നാണ് സ്പോർട്സ്‌ സിറ്റി തുടങ്ങുന്നത്. ശ്രീജേഷിന്റെ ഭാര്യ അനീഷ്യ അടക്കം നാലു വനിതകളാണ് ഡയറക്ടർമാർ. സ്പോർട്‌സ് എന്നും ജീവിതത്തിന്റെ ഭാഗമായിരുന്നെന്നും ഇപ്പോൾ പുതിയ ചുമതലകൾ വന്നുചേരുമ്പോൾ അതിനോട് പരമാവധി നീതിപുലർത്താനാണ് ശ്രമിക്കുന്നതെന്നും മുൻ ലോങ്ജമ്പ് താരം കൂടിയായ അനീഷ്യ പറഞ്ഞു.

തന്റെ ഗെയിം ഹോക്കിയാണെങ്കിലും കേരളത്തിലെ സാധ്യതകൾ വെച്ചാണ് ഫുട്‌ബോളിലേക്ക് ആദ്യം കൂടുമാറുന്നതെന്ന് ശ്രീജേഷ് പറഞ്ഞു. ഭാവിയിൽ ഫൈവ്‌സ് ഹോക്കി ടർഫ് ഇവിടെ കൊണ്ടുവരാൻ ആഗ്രഹമുണ്ടെന്ന സ്വപ്നവും ശ്രീജേഷ് പങ്കുവെച്ചു.

Conent Highlight: Hockey player P. R. Sreejesh, sports city at kakkanad