ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്നയ്ക്ക് മലയാളി താരം പി.ആർ. ശ്രീജേഷിനെയും വനിതാ താരം ദീപികയെയും ഹോക്കി ഇന്ത്യ ശുപാർശചെയ്തു.

ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചിട്ടുള്ള ശ്രീജേഷ് ടോക്യോ ഒളിമ്പിക്‌സിനുള്ള ടീമിലെ ഗോൾ കീപ്പറാണ്. 2017 ജനുവരി ഒന്നുമുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വിവിധ അസോസിയേഷനുകൾ നൽകുന്ന ശുപാർശകളിൽനിന്നാണ് ബന്ധപ്പെട്ട സമിതി പുരസ്‌കാരജേതാവിനെ തിരഞ്ഞെടുക്കുന്നത്.

2018-ൽ ശ്രീജേഷിന്റെ കീഴിൽ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളിമെഡൽ നേടിയിരുന്നു. അതേവർഷം ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ടീമിലും 2019-ൽ എഫ്.ഐ.എച്ച്. സീരിസിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. 2015-ൽ അർജുന അവാർഡും 2017-ൽ പദ്മശ്രീയും നേടിയിട്ടുണ്ട്. 2018 ഏഷ്യൻ ഗെയിംസിൽ വെള്ളിനേടിയ വനിതാ ടീം അംഗമാണ് ദീപിക. ഹർമൻപ്രീത് സിങ്, വന്ദന കടാരിയ എന്നിവരെ അർജുന പുരസ്‌കാരത്തിനും ഹോക്കി ഇന്ത്യ ശുപാർശചെയ്തു.

Content Highlight: Hockey India Nominates PR Sreejesh,For Rajiv Gandhi Khel Ratna Award