പാരീസ്: ഫ്രഞ്ച് ഓപ്പൺ ജയിച്ചാൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും രണ്ടുവട്ടം ഒരേസമയം കൈവശംവെക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമാവും അദ്ദേഹം. റോഡ് ലേവർക്ക് മാത്രമാണ് ഇതുവരെ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളത്. 2018-ൽ വിംബിൾഡണും യു.എസ്. ഓപ്പണും നേടിയ ദ്യോക്കോവിച്ച് ഈ വർഷമാദ്യം ഓസ്‌ട്രേലിയൻ ഓപ്പണിലും ജേതാവായിരുന്നു. 2016-ൽ ഫ്രഞ്ച് ഓപ്പണും നേടിയതോടെ നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും സെർബിയക്കാരനായ ദ്യോക്കോവിച്ച് കൈവശംവെച്ചിരുന്നു.

ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് ഞായറാഴ്ചയാണ് തുടക്കം. റോജർ ഫെഡററും റാഫേൽ നഡാലും ദ്യോക്കോവിച്ചിന് ശക്തമായ വെല്ലുവിളിയുയർത്തും.

വനിതാവിഭാഗത്തിൽ സെറീന വില്യംസാണ് ശ്രദ്ധാകേന്ദ്രം. 24 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ ചരിത്രനേട്ടത്തിന് ഒപ്പമെത്താനുള്ള സെറീനയുടെ കാത്തിരിപ്പ് തുടരുകയാണ്. 2017-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതിനുപിന്നാലെ സെറീന കുറച്ചുകാലം ടെന്നീസിൽനിന്ന് വിട്ടു. അമ്മയായതിനെതുടർന്നായിരുന്നു ഇത്. 37-കാരിയായ സെറീനയ്ക്ക് ഫിറ്റ്‌നെസ് പ്രശ്നങ്ങളുള്ളതായി റിപ്പോർട്ടുണ്ട്.

ലോക ഒന്നാം നമ്പർ താരമായ ജപ്പാന്റെ നവോമി ഒസാക്കയും മോശം ഫോമിലാണ്. ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതിനു പിന്നാലെ കോച്ചുമായി ഉടക്കിപ്പിരിഞ്ഞ ഒസാക്കയ്ക്ക് പിന്നീട് മികച്ച പ്രകടനങ്ങൾക്കൊന്നും സാധിച്ചിട്ടില്ല. കളിമൺ കോർട്ടിൽ ഏറ്റവും സ്ഥിരതയുള്ള കളിക്കാരിയും നിലവിലെ ചാമ്പ്യനുമായ റുമാനിയയുടെ സിമോണ ഹാലെപ്പ് കിരീടസാധ്യതയിൽ മുന്നിലാണ്.

പുരുഷവിഭാഗത്തിൽ നൊവാക് ദ്യോക്കോവിച്ച്, റാഫേൽ നഡാൽ, റോജർ ഫെഡറർ, ഡൊമിനിക് തീം, അലക്‌സാണ്ടർ സവറേവ് എന്നിവരാണ് ആദ്യ അഞ്ചുസീഡുകളിൽ. വനിതകളിൽ ജപ്പാന്റെ നവോമി ഒസാക്കയാണ് ഒന്നാം സീഡ്.

Content Highlights: french open