image
ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ കുട്ടീന്യോയുടെ ആഹ്ലാദം

ബാഴ്‌സലോണ: ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച എഫ്.സി. ബാഴ്‌സലോണ സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ വലൻസിയയെ കീഴടക്കി (3-1). പരിക്കുമാറിയെത്തിയതിനുശേഷം രണ്ടാംതവണ ഗോൾ കണ്ടെത്തിയ അൻസു ഫാത്തി (13), മെംഫീസ് ഡീപെ (പെനാൽട്ടി 9), ഏറെക്കാലത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഫിലിപ്പ് കുടീന്യോ (85) എന്നിവർ ഗോൾ നേടി. ഡീപെ ഒരു അസിസ്റ്റും നടത്തി. വലൻസിയയ്ക്കായി ഹോസെ ഗയ (5) ഗോൾ നേടി.

ഗയയുടെ ഗോളിൽ വലൻസിയ ലീഡെടുത്തശേഷമാണ് ബാഴ്‌സയുടെ തിരിച്ചടി. പരിക്കുമൂലം ഒരു വർഷത്തിനടുത്ത് പുറത്തിരുന്ന ബ്രസീൽ താരം കുടീന്യോ തിരിച്ചുവരവ് ഗംഭീരമാക്കി. ബാഴ്‌സയ്ക്കായി അർജന്റീന സ്‌ട്രൈക്കർ സെർജി അഗ്യൂറോ ലാലിഗയിൽ അരങ്ങേറി. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയിൽനിന്നാണ് അഗ്യൂറോ സ്പാനിഷ് ക്ലബ്ബിലെത്തിയത്.

ലാലിഗയിൽ എട്ടു കളിയിൽ 15 പോയന്റായ ബാഴ്‌സ ഏഴാം സ്ഥാനത്താണ്. ഒമ്പത് കളിയിലായി 20 പോയന്റുള്ള റയൽ സോസിഡാഡാണ് ഒന്നാമത്. എട്ടു കളിയിലായി റയൽ മഡ്രിഡ്, സെവിയ, അത്‌ലറ്റിക്കോ മഡ്രിഡ് ടീമുകൾക്ക് 17 പോയന്റുണ്ട്.