ലണ്ടന്‍: സീസണ്‍ മുഴുവന്‍ നീണ്ടുനിന്ന നാടകീയതകള്‍ക്കൊടുവില്‍ ഒരുപോയന്റ് വ്യത്യാസത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി. സീസണിലെ അവസാന മത്സരത്തില്‍ ബ്രൈട്ടനെ (4-1) തോല്‍പ്പിച്ചാണ് സിറ്റിയുടെ നേട്ടം. ലിവര്‍പൂള്‍ (2-0) വോള്‍വ്‌സിനെ തോല്‍പ്പിച്ചെങ്കിലും സിറ്റിയുടെ ജയത്തോടെ അത് അപ്രസക്തമായി. സിറ്റിക്ക് 38 മത്സരങ്ങളില്‍ 98 പോയന്റും ലിവര്‍പൂളിന് 97 പോയന്റുമാണുള്ളത്.

സീസണില്‍ 32 തവണ ലീഡ് മാറിമറിഞ്ഞപോലെ അവസാന ദിനവും നാടകീയത നീണ്ടുനിന്നു. സിറ്റിക്ക് ഒരുജയം മാത്രമാണ് കിരീടത്തിന് ആവശ്യമെങ്കില്‍ ലിവര്‍പൂളിന് ജയത്തോടൊപ്പം സിറ്റി തോല്‍ക്കുകയോ സമനിലയില്‍ കുരുങ്ങുകയോ വേണമായിരുന്നു.

ലിവര്‍പൂളിന്റെ ആഗ്രഹം പോലെയായിരുന്നു ആദ്യ 37 മിനിറ്റുകള്‍. 17-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. 27-ാം മിനിറ്റില്‍ സിറ്റി ഗോള്‍ വഴങ്ങി. 28-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും അപ്പോഴും ലിവര്‍പൂളിനായിരുന്നു കിരീടസാധ്യത. എന്നാല്‍, 38-ാം മിനിറ്റില്‍ സിറ്റി ലീഡ് പിടിച്ചു. പിന്നീടങ്ങോട്ട് സിറ്റിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ടാം പകുതിയില്‍ 63, 72 മിനിറ്റുകളില്‍ സ്കോര്‍ ചെയ്ത് സിറ്റി ജയത്തോടൊപ്പം കിരീടത്തിലേക്കും നീങ്ങി.

*6-ഇംഗ്ലീഷ് ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ആറാം കിരീടം.

*4- 1992-ല്‍ പ്രീമിയര്‍ ലീഗ് നിലവില്‍ വന്ന ശേഷം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നാലാം കിരീടം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (13), ചെല്‍സി (5) എന്നിവര്‍ മാത്രമാണ് സിറ്റിക്ക് മുന്നില്‍.

*195- സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചേര്‍ന്ന് നേടിയത് 195 പോയന്റ്. പ്രീമിയര്‍ ലീഗില്‍ ആദ്യമായാണ് ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ ചേര്‍ന്ന് ഇത്രയും പോയന്റ് സ്വന്തമാക്കുന്നത്.

*8- പ്രീമിയര്‍ ലീഗില്‍ അവസാനദിനം ജേതാക്കളെ നിശ്ചയിക്കുന്നത് ഇത് എട്ടാം തവണ. ഇതില്‍ മൂന്നുതവണയും സിറ്റിയായിരുന്നു ജേതാക്കള്‍ (2011-12, 2013-14, 2018-19)

*പാവം പാവം ലിവര്‍പൂള്‍

30 മത്സരം ജയിക്കുക, 97 പോയന്റ് നേടുക, ഒരു മത്സരം മാത്രം തോല്‍ക്കുക. പ്രീമിയര്‍ ലീഗില്‍ ഈ മൂന്ന് നേട്ടങ്ങളും കൈവരിച്ചിട്ടും കിരീടം നേടാത്ത ആദ്യത്തെ ടീമാണ് ലിവര്‍പൂള്‍.

*പെപ്പിന് എട്ട്

പരിശീലകനെന്ന നിലയില്‍ എട്ടാം ലീഗ് കിരീടമാണ് പെപ് ഗാര്‍ഡിയോള സ്വന്തമാക്കുന്നത്. മാഞ്ചെസ്റ്റര്‍ സിറ്റിക്കൊപ്പം രണ്ടാം കിരീടം നേടിയ പെപ് ബയറണ്‍ മ്യൂണിക്കിനൊപ്പം മൂന്ന് ബുണ്ടസ് ലിഗ കിരീടവും ബാഴ്‌സലോണയ്ക്കൊപ്പം മൂന്ന് ലാലിഗ കിരീടവും നേടിയിട്ടുണ്ട്.