മിലാൻ: പുരസ്കാരങ്ങൾ ലയണൽ മെസ്സിയുടെ കളിമികവിലേക്ക് ഒഴുകിയെത്തുന്ന കൈവഴികളാണ്. മിലാനിലെ രാവിൽ മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരമെത്തുമ്പോൾ മെസ്സിക്കത് ആറാമത്തെ നേട്ടമാണ്. കൈവഴികൾ ചേർന്ന് ആറായി ഇനിയും ആ ഒഴുക്ക് തുടരും.

ഒരിടവേളയ്ക്കുശേഷമാണ് അർജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പർ താരത്തിന് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ലഭിക്കുന്നത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് ഇതിനുമുമ്പ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഹോളണ്ടിന്റെ പ്രതിരോധനിരതാരം വിർജിൽ വാൻ ഡെയ്ക്കിനെയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്തള്ളിയാണ് മെസ്സി ഒന്നാമനായത്. ഫിഫയിലെ ടീമുകളുടെ ക്യാപ്റ്റൻമാരും പരിശീലകരും പങ്കെടുത്ത വോട്ടെടുപ്പിൽ മെസ്സിക്ക് 46 റാങ്ക് പോയന്റ് ലഭിച്ചു. വാൻ ഡെയ്ക്കിന് 38 പോയന്റും ക്രിസ്റ്റ്യാനോക്ക് 36 പോയന്റുമാണുള്ളത്.

സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ ബാഴ്‌സലോണയെ ചാമ്പ്യൻമാരാക്കുന്നതിലും ചാമ്പ്യൻസ് ലീഗിൽ ടീമിനെ സെമിയിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ഗോൾവേട്ടയിലും ഗോൾ സഹായത്തിലും ബഹുദൂരം മുന്നിലായ താരം ടീമിന്റെ മൊത്തം പ്രകടനത്തിലും വലിയ പങ്കുവഹിച്ചു. യുവേഫയുടെ മികച്ച താരമായ വാൻഡെയ്ക്കിന് സാധ്യത കല്പിക്കപ്പെട്ടിരുന്നെങ്കിലും മെസ്സിയുടെ കളിമികവിന് ഒരിക്കൽക്കൂടി അംഗീകാരം ലഭിച്ചു.

സീസണിലെ പ്രകടനം

കളി 58

ഗോൾ 54

കളിച്ച സമയം 4646 മിനിറ്റ്

അസിസ്റ്റ് 20

കിരീടം സ്പാനിഷ് ലാലിഗ

* രാജ്യത്തിനും ക്ലബ്ബിനുമായുള്ള പ്രകടനം

മറ്റ് പുരസ്‌ക്കാരജേതാക്കൾ

മികച്ച വനിതാ താരം - മെഗാൻ റാപ്പിനോ (അമേരിക്ക)

പരിശീലകൻ - യർഗൻ ക്ലോപ്പ് (ലിവർപൂൾ)

വനിതാ പരിശീലക - ജിൽ എല്ലിസ് (അമേരിക്കൻ ടീം)

ഗോൾ കീപ്പർ - അലിസൺ (ബ്രസീൽ, ലിവർപൂൾ)

വനിതാ ഗോൾ കീപ്പർ - സാറി വാൻ വീനെൻഡാൽ (ഹോളണ്ട്)

പുഷ്‌കാസ് പുരസ്‌കാരം (മികച്ച ഗോൾ): ഡാനിയേൽ സോറി (ഡിബ്രൈസെൻ)

ഫാൻ പുരസ്‌കാരം - സിൽവിയ ഗ്രെക്കോ (ബ്രസീൽ)

ഫെയർപ്ലേ- മാഴ്‌സലോ ബിയേൽസ, ലീഡ്‌സ് യുണൈറ്റഡ്

ഫിഫ ഇലവൻ - അലിസൺ (ഗോൾ കീപ്പർ) മാത്തിയാസ് ഡി ലിറ്റ്, മാഴ്‌സലോ, സെർജിയോ റാമോസ്, വിർജിൽ വാൻ ഡെയ്ക്ക്‌ (പ്രതിരോധം), ഫ്രാങ്ക് ഡി ജോങ്, ഇഡൻ ഹസാർഡ്, ലൂക്ക മോഡ്രിച്ച് (മധ്യനിര), ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ (മുന്നേറ്റം)

Content Highlights: FIFA The Best Football Award