പട്യാല (പഞ്ചാബ്) : ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനദിനം രണ്ട് സ്വര്‍ണവും നാല് വെള്ളിയുമായി മലയാളിതാരങ്ങള്‍ തിളങ്ങി. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ 1500 മീറ്ററില്‍ പി.യു. ചിത്രയും സ്വര്‍ണമണിഞ്ഞു. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ തമിഴ്‌നാട് താരം ധരുണ്‍ അയ്യാസാമി കോമണ്‍വെല്‍ത്ത് യോഗ്യതയും നേടി.

പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി പരിക്കേറ്റുവീണെങ്കിലും വെള്ളി നേടി. ഇതില്‍ സ്വര്‍ണം നേടിയ ഹരിയാണയുടെ ഹര്‍പീന്ദര്‍ സിങ് കോമണ്‍വെല്‍ത്ത് യോഗ്യതയും നേടി. പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്‌മോന്‍ പൗലോസ് (14.08 സെക്കന്‍ഡ്), വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍. അനു(58.05 സെക്കന്‍ഡ്), ഹെപ്റ്റാത്തലണില്‍ ലിക്‌സി ജോസഫ് എന്നിവരാണ് വെള്ളി നേടിയത്. പി.യു. ചിത്രയ്ക്ക്( 4 മിനിറ്റ് 15.25 സെക്കന്‍ഡ്) നേരിയ വ്യത്യാസത്തിനാണ് കോമണ്‍വെല്‍ത്ത് യോഗ്യതാ മാര്‍ക്ക് (4:10.00) നേടാനാകാതെ പോയത്.

ഇരട്ടനേട്ടത്തോടെ ജിന്‍സണ്‍

കഴിഞ്ഞദിവസം 800 മീറ്ററിലും സ്വര്‍ണംനേടിയ ജിന്‍സണ് 1500 മീറ്ററിലെ സ്വര്‍ണം ഇരട്ടിമധുരമായി. രണ്ടിനങ്ങളിലും തലനാരിഴയ്ക്ക് കോമണ്‍വെല്‍ത്ത് യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ജിന്‍സണ് സാധിച്ചില്ല. യോഗ്യതാ മാര്‍ക്കായ മൂന്ന് മിനിറ്റ് 39.50 സെക്കന്‍ഡിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന പ്രകടനമാണ് (3:39.69) ജിന്‍സണ്‍ കാഴ്ചവെച്ചത്. ഇതോടെ 11 വര്‍ഷം മുമ്പ് മലയാളി താരം ഹംസ ചാത്തോളി കുറിച്ച മീറ്റ് റെക്കോര്‍ഡും (3:41.12) ജിന്‍സണ്‍ പഴങ്കഥയാക്കി.

പരിക്കേറ്റ് രഞ്ജിത് മഹേശ്വരി

ട്രിപ്പിള്‍ജമ്പിലെ ദേശീയ റെക്കോര്‍ഡിന് (17.30) ഉടമയായ രഞ്ജിത് മഹേശ്വരിയുടെ ആദ്യചാട്ടം തന്നെ (16.51 മീ) വെള്ളിയുറപ്പിച്ചു. രണ്ടാം ശ്രമം ഫൗള്‍. മൂന്നാം ശ്രമത്തിലാണ് രഞ്ജിത്തിന് പരിക്കേറ്റത്. ഇടതുകാലിന്റെ മുട്ടിനും കൈവിരലിനും പരിക്കേറ്റ രഞ്ജിത് മഹേശ്വരി ജമ്പിങ് ട്രാക്കില്‍ വീണതോടെ ഭാര്യയും പോള്‍വാള്‍ട്ട് താരവുമായ വി.എസ്. സുരേഖ കരഞ്ഞുകൊണ്ട് ഓടിയെത്തി. തുടര്‍ന്ന് ആംബുലന്‍സിലേക്ക് സ്‌ട്രെക്ചറില്‍ കയറ്റിയശേഷം ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. മത്സരത്തില്‍ ഹരിയാണയുടെ ഹര്‍പീന്ദര്‍ സിങ് സ്വര്‍ണവും (16.61) കോമണ്‍വെല്‍ത്ത് യോഗ്യതയും നേടി.

ദേശീയ റെക്കോര്‍ഡ് തിരുത്തി ഒളിമ്പ്യന്‍ ധരുണ്‍

നാനൂറ്് മീറ്റര്‍ ഹര്‍ഡില്‍സില്‍ 11 വര്‍ഷം മുമ്പ് മലയാളിതാരം ജോസഫ് ജി. എബ്രഹാം കുറിച്ച ദേശീയ റെക്കോര്‍ഡാണ് (49.51 സെക്കന്‍ഡ്) ധരുണ്‍ അയ്യാസാമി (49.45 സെക്കന്‍ഡ്) തകര്‍ത്തുകൊണ്ട് കോമണ്‍വെല്‍ത്ത് യോഗ്യത നേടിയത്. മംഗലാപുരം ആല്‍വാര്‍ കോളേജ് വിദ്യാര്‍ഥിയായ ധരുണ്‍ മൂന്നുവര്‍ഷമായി ദേശീയ ക്യാമ്പിലുണ്ട്.

21 മെഡലുകളുമായി മലയാളിത്തിളക്കം

ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഒമ്പത് സ്വര്‍ണമുള്‍പ്പെടെ 21 സ്വര്‍ണവുമായി മലയാളിത്തിളക്കം. ഒമ്പത് സ്വര്‍ണം, ആറ്് വെള്ളി, ആറ്് വെങ്കലം എന്നിവയാണ് മലയാളികള്‍ നേടിയത്. പോള്‍വാള്‍ട്ട് സ്വര്‍ണം നേടിയ വി.എസ്. സുരേഖയും (തമിഴ്‌നാട്), 400 മീറ്ററില്‍ വെള്ളി നേടിയ അമോജ് ജേക്കബും (ഡല്‍ഹി), ലോങ്ജമ്പില്‍ വെങ്കലം നേടിയ ഷംഷീറും (കര്‍ണാടക) മലയാളികളാണെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് മത്സരിച്ചത്.