ബാഴ്‌സലോണ: സ്പാനിഷ് കിങ്‌സ് കപ്പ് ഫുട്‌ബോളിൽ അദ്‌ഭുതകരമായ തിരിച്ചുവരവിൽ എഫ്.സി. ബാഴ്‌സലോണ ഫൈനലിൽ. ആദ്യപാദത്തിൽ രണ്ടു ഗോളിന് പിന്നിൽ പോയ കറ്റാലൻപട രണ്ടാംപാദത്തിൽ സെവിയയെ 3-0 ത്തിന് തോൽപ്പിച്ചു. ഒസുമാനെ ഡെംബാലെ (12), ജെറാർഡ് പീക്വെ (90+4). മാർട്ടിൻ ബ്രാത്ത് വെയ്റ്റ് (95) എന്നിവർ ബാഴ്‌സയ്ക്കായി ഗോൾ നേടി. ഇരുപാദങ്ങളിലുമായി 3-2 മുൻതൂക്കത്തോടെ ലയണൽ മെസ്സിയും സംഘവും ഫൈനലിലെത്തി.

നാടകീയമായിരുന്നു മത്സരം. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയാണ് ബാഴ്‌സ മത്സരത്തിലേക്ക് തിരികെയെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി ഫലം 2-2 തുല്യതയിലായതിനാൽ കളി അധികസമയത്തേക്ക് നീണ്ടു. നിർണായക ഘട്ടത്തിൽ മൂന്നാം ഗോൾ നേടി ബാഴ്‌സ ഫൈനലിലെത്തി.

ലുക്കാസ് ഒകാപോസ് പെനാൽട്ടി നഷ്ടപ്പെടുത്തിയതും ഫെർണാണ്ടോ, ലൂക്ക് ഡി ജോങ് എന്നിവർ ചുവപ്പുകാർഡ് കണ്ടതും സെവിയക്ക് തിരിച്ചടിയായി. ലെവന്റെ- അത്‌ലറ്റിക്കോ ബിൽബാവോ മത്സരവിജയികളെ ബാഴ്‌സ ഫൈനലിൽ നേരിടും.