മഡ്ഗാവ്: ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ ഏഴാം സീസണിൽ ഇതുവരെ ജയംനേടാൻ കേരള ബ്ലാസ്റ്റേഴ്‌സിനും എഫ്.സി. ഗോവയ്ക്കുമായിട്ടില്ല. ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ ജയം ആർക്കൊപ്പമാകും. ഞായറാഴ്ച രാത്രി 7.30-നാണ് ആദ്യ വിജയം കൊതിക്കുന്ന ടീമുകളുടെ പോരാട്ടം.

മധ്യനിരയിലെ പ്രതിസന്ധി

ഓരോമത്സരം കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യകളിയിൽ എ.ടി.കെ. മോഹൻ ബഗാനോട് തോറ്റ് തുടങ്ങിയ ടീം പിന്നിട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ചെന്നൈയിൻ എഫ്.സി.യോടും നന്നായി കളിച്ചാണ് സമനില വഴങ്ങിയത്.

ഗോവയ്ക്കെതിരേ അവരുടെ തട്ടകത്തിൽ കളിക്കാനിറങ്ങുമ്പോൾ പരിശീലകൻ കിബു വികുനയെ അലട്ടുന്നത് നായകൻ സെർജിയോ സിഡോഞ്ചയുടെ അഭാവമാകും. പരിക്ക് മൂലം ഏറെ കളികൾ സിഡോയ്ക്ക് നഷ്ടമാകും. സ്പാനിഷ് മധ്യനിരതാരം വിസന്റെ ഗോമസ് ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെങ്കിൽ കിബു ശരിക്കും പ്രതിസന്ധിയിലാകും. രോഹിത് കുമാർ നന്നായി കളിക്കുന്നതും അർജന്റീന താരം ഫക്കുണ്ടോ പെരയ്‌ര ഫോമിലേക്കുയരുന്നതും ടീമിന് ആശ്വാസമാണ്.

വിസന്റെ ഗോമസ്-രോഹിത് കുമാർ-ഫക്കുണ്ടോ ത്രയമാകും ആദ്യഇലവനിൽ മധ്യനിരയിൽ വരാൻ സാധ്യത. മലയാളി താരം കെ.പി. രാഹുലിനും ആദ്യഇലവനിൽ ഇടം ലഭിച്ചേക്കും. കൂടുതൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. മുന്നേറ്റനിര സ്കോറിങ് മികവ് കാണിക്കാത്തതും പരിശീലകന് തലവേദനയാണ്.

വിജയംനേടാൻ ഗോവ

ബെംഗളൂരു എഫ്.സി.ക്കെതിരേ രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച കളിയിൽ മാത്രമാണ് എഫ്.സി. ഗോവയ്ക്ക് ഇതുവരെ ഓർത്തിരിക്കാനുള്ളത്. സെർജി ലൊബേറയുടെ കാലത്ത് ആകർഷകമായി കളിച്ചിരുന്ന ഗോവയുടെ നിഴൽമാത്രമാണ് കളിക്കളത്തിൽ കാണുന്നത്.

ഹ്യൂഗോ ബൗമാസ്, അഹമ്മദ് ജാഹു, മന്ദർറാവു ദേശായ്, മൗർത്താതോ ഫാൾ എന്നിവർ ടീം വിട്ടത് ടീമിനെ ഉലച്ചുകളഞ്ഞിട്ടുണ്ട്. മുന്നേറ്റത്തിൽ ഇഗോർ അംഗുളോയുടെ സ്കോറിങ് മികവും മധ്യനിരയിൽ നായകൻ എഡു ബേഡിയയുടെ കളിയാസൂത്രണവുമാണ് ടീമിന് പ്രതീക്ഷ നൽകുന്ന ഘടകം.