ലണ്ടൻ: അടുത്തവർഷം നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കം. ആദ്യദിനം ബെൽജിയം, ഹോളണ്ട്, റഷ്യ, ക്രൊയേഷ്യ ടീമുകൾ പോരിനിറങ്ങും. റഷ്യയും ബെൽജിയവും തമ്മിലുള്ള മത്സരമാണ് ആദ്യ ദിനത്തെ ഹൈലൈറ്റ്. ക്രൊയേഷ്യയ്ക്ക് അസർബെയ്ജാനും ഹോളണ്ടിന് ബെലാറസുമാണ് എതിരാളി.

12 നഗരങ്ങൾ

യൂറോ ചാമ്പ്യൻഷിപ്പിന്റെ 60-ാം വാർഷിക ടൂർണമെന്റായതിനാൽ ഇത്തവണ യുവേഫ 12 നഗരങ്ങളിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. സെമിയും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കും. 2020 ജൂൺ 12 മുതൽ ജൂലായ് 12 വരെയാണ് ടൂർണമെന്റ്. യോഗ്യതാ മത്സരം ഈവർഷം നവംബറിൽ പൂർത്തിയാകും.

പത്ത് ഗ്രൂപ്പ്, 55 ടീം

യോഗ്യത നേടാൻ പത്ത് ഗ്രൂപ്പുകളിലായി 55 ടീമുകൾ മത്സരിക്കുന്നു. അഞ്ചുഗ്രൂപ്പിൽ ആറു ടീമുകളും ശേഷിക്കുന്ന ഗ്രൂപ്പുകളിൽ അഞ്ചുടീമുകളും കളിക്കും. എല്ലാ ഗ്രൂപ്പിൽനിന്നും കൂടുതൽ പോയന്റ് നേടുന്ന രണ്ടുവീതം ടീമുകൾ യോഗ്യത നേടും. ബാക്കിയുള്ള നാലു സ്ഥാനങ്ങൾ യുവേഫ നാഷനൽ ലീഗിലെ ഗ്രൂപ്പ് ചാമ്പ്യൻമാരിലൂടെയാണ് നിശ്ചയിക്കുന്നത്.