ലണ്ടൻ: കരുത്തരായ ജർമനി, ഹോളണ്ട്, ക്രൊയേഷ്യ ടീമുകൾ യൂറോ ഫുട്‌ബോൾ യോഗ്യത ഉറപ്പിച്ചു. ജർമനി ബലാറസിനെയും (4-0) ക്രൊയേഷ്യ സ്ലോവാക്യയെയും (3-1) തോൽപ്പിച്ചാണ് മുന്നേറിയത്. വടക്കൻ അയർലൻഡുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും ഹോളണ്ടും ടിക്കറ്റുറപ്പിച്ചു.

ബലാറസിനെതിരെ ജർമനിക്കായി ടോണി ക്രൂസ് ഇരട്ടഗോൾ നേടി. മാത്തിയാസ് ജിന്റർ, ലിയോൺ ഗൊരെറ്റ്‌സ്ക എന്നിവരും സ്കോർ ചെയ്തു.

ഗ്രൂപ്പ് സി യിൽ ഏഴുകളികളിൽനിന്ന് ജർമനിക്ക് 18 പോയന്റും ഹോളണ്ടിന് 16 പോയന്റമുണ്ട്. ഗ്രൂപ്പ് ഇ മത്സരത്തിലാണ് ക്രൊയേഷ്യ സ്ലോവാക്യയെ തോൽപ്പിച്ചത് (3-1). നിക്കോള വ്ളാസിച്ച്, ബ്രൂണോ പെറ്റ്‌കോവിച്ച്, ഇവാൻ പെരിസിച്ച് എന്നിവർ ക്രോട്ടുകൾക്കായി സ്കോർ ചെയ്തു. റോബർട്ട് ബൊസെനിക് സ്ലോവാക്യയുടെ ഗോൾ നേടി. 66-ാം മിനിറ്റിൽ റോബർട്ട് മാക് ചുവപ്പുകാർഡ് കണ്ടത് സ്ലോവാക്യക്ക് തിരിച്ചടിയായി. എട്ടു കളികളിൽനിന്ന് 17 പോയന്റുമായാണ് ക്രൊയേഷ്യ യോഗ്യത നേടിയത്.

മറ്റൊരു കളിയിൽ ബെൽജിയം റഷ്യയെ കീഴടക്കി കുതിപ്പ് തുടർന്നു (4-1). ഇഡൻ ഹസാർഡ് ഇരട്ടഗോൾ നേടി. തോർഗൻ ഹസാർഡ്, റൊമേലു ലുക്കാക്കു എന്നിവരും ഗോൾ നേടി. ജോർജി ഷിഖിയ റഷ്യക്കായി ലക്ഷ്യം കണ്ടു.