റോം: ഒരുവശത്ത് കിരീടമോഹികളായ ഇറ്റലി. മറുവശത്ത് അട്ടിമറി വീരന്മാരായ തുർക്കി. യൂറോകപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തിൽ എ ഗ്രൂപ്പിലെ ഈ ടീമുകൾ നേർക്കുനേർ വരുമ്പോൾ ആവേശകരമായ തുടക്കമാകും എന്നുറപ്പ്. മത്സരം വെള്ളിയാഴ്ച രാത്രി 12.30-ന് തുടങ്ങും.

ഇറ്റലി ഉഷാർ

യൂറോകപ്പിൽ ഇറ്റലിയുടെ ഒരേയൊരു കിരീടം 1968-ലായിരുന്നു. ഇത്തവണ കിരീടം മോഹിച്ച് വരുമ്പോൾ സമീപകാല പ്രകടനങ്ങളും മികച്ച കളിക്കാരുടെ സാന്നിധ്യവും ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. 2018 സെപ്റ്റംബർ 10-ന് യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനോട് തോറ്റ ശേഷം 27 മത്സരത്തിൽ ഇറ്റലി അപരാജിതർ. അവസാനം കളിച്ച എട്ട് മത്സരത്തിലും ജയം. യൂറോകപ്പ് യോഗ്യതാ റൗണ്ടിലെ പത്തിൽ പത്തും ജയിച്ചു. 37 ഗോൾ അടിച്ചു. വഴങ്ങിയത് നാലെണ്ണം മാത്രം.

60 വർഷത്തിനുശേഷം, കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാൻ കഴിയാത്തിടത്തുനിന്നാണ് ടീമിന്റെ ഉജ്ജ്വല തിരിച്ചുവരവ്. 2018-ൽ പരിശീലകനായെത്തിയ റോബർട്ടോ മാഞ്ചീനി പരിചയസമ്പത്തും യുവത്വവും ഇടകലർത്തി ടീമിനെ മാറ്റി.

4-3-3 അറ്റാക്കിങ് ശൈലിയിലാണ് ടീം കളിക്കുന്നത്. ഏറെക്കാലമായി ഇതേ ഫോർമേഷനാണ് മാഞ്ചീനി പിന്തുടരുന്നത്. മുന്നേറ്റത്തിൽ ഇൻസൈൻ- സിറോ ഇമ്മൊബിലെ- ഡൊമെനിക്കോ ബെറാർഡി എന്നിവർ. ജോർജീന്യോ ഹോൾഡിങ് മിഡ്ഫീൽഡറുടെ റോളിൽ. നിക്കോള ബരെല്ലയും മാനുവൽ ലോക്കട്ടെല്ലിയും ഇരുഭാഗത്തും കളിക്കും. വെറ്ററൻമാരായ ലിയനാർഡോ ബന്നുച്ചിയും ജോർജിയോ കില്ലിനിയും സെൻട്രൻഡിഫൻസിലുണ്ടാകും. മോയ്‌സെ കീൻ, ഫെഡറിക്കോ ചിയേസ, ആന്ദ്രെ ബലോട്ടി എന്നിവർ മുന്നേറ്റത്തിൽ പകരക്കാരാകും. മാർക്കെ വെറാറ്റിയുടെ പരിക്ക് മാത്രമാണ് ടീമിനെ അലട്ടുന്നത്.

പേടിപ്പിക്കാൻ തുർക്കി

വമ്പൻ ടൂർണമെന്റുകളിൽ അട്ടിമറിക്കാരെന്ന പരിവേഷം തുർക്കിക്കുണ്ട്. വെയ്ൽസും സ്വിറ്റ്‌സർലൻഡും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്താമെന്ന് തുർക്കി പ്രതീക്ഷിക്കുന്നു. സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്നം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഹോളണ്ടിനെ കീഴടക്കിയ ടീം ലാത്വിയയോട് തോറ്റു. ഇത്തരം പ്രശ്നം കൈകാര്യം ചെയ്യാൻ സെനോൾ ഗുനെസിന് കഴിഞ്ഞാൽ ടീം മുന്നോട്ടുപോകും. 4-5-1 ശൈലിയിൽ കളിക്കാറുള്ള ടീമിന്റെ ഏക സ്‌ട്രൈക്കർ നായകൻ ബുറാക് യിൽമസാകും. മധ്യനിരയിൽ ഹകൻ കാൽഹനോഗ്ലു, ഒസൻ തുഫാൻ എന്നിവരാണ് ശക്തി.