ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വമ്പൻമാരായ ചെൽസിയും ലെസ്റ്റർ സിറ്റിയും അട്ടിമറിക്കപ്പെട്ടതോടെ ചാമ്പ്യൻസ് ലീഗ് ബർത്തിനായുള്ള പോരാട്ടം ശക്തമായി. ബുധനാഴ്ച രാത്രി ചെൽസിയെ വെസ്റ്റ്ഹാമും (2-3) ലെസ്റ്ററിനെ എവർട്ടനുമാണ് (1-2) കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ആഴ്സനൽ നോർവിച്ച് സിറ്റിയെ തോൽപ്പിച്ചു (4-0).

കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ ആന്ദ്രെ യാമോലെങ്കോ നേടിയ ഗോളിലാണ് വെസ്റ്റ്ഹാം ചെൽസിയെ മറികടന്നത്. നേരത്തേ തോമസ് സൗസെക് (45), മിച്ചേൽ അന്റോണിയോ (51) എന്നിവരും ടീമിനായി സ്കോർ ചെയ്തു. ചെൽസിക്കുവേണ്ടി വില്യൻ ഫ്രീകിക്കിൽനിന്നും പെനാൽട്ടിയിൽനിന്നും (42, 72) ലക്ഷ്യംകണ്ടു.

റിച്ചാലിസൺ (10), ഗെൽഫി സിഗോർസൻ (പെനാൽട്ടി 16) എന്നിവരുടെ ഗോളിലാണ് എവർട്ടൻ ജയം നേടിയത്. ലെസ്റ്ററിനായി കെലാച്ചി ഇഹ്നാച്ചോ (51) ഒരു ഗോൾ മടക്കി. അവസാനം കളിച്ച ഒമ്പത് ലീഗ് മത്സരങ്ങളിൽ എവർട്ടൻ തോറ്റിട്ടില്ല.

പിയറെ എംറിക് ഔബമേയങ്ങിന്റെ ഇരട്ടഗോളാണ് (33, 67) നോർവിച്ചിനെതിരേ ആഴ്‌സനലിന്റെ ജയം എളുപ്പമാക്കിയത്. ഗ്രാനിറ്റ് ഷാക്ക (37), സെഡ്രിക് സോറെസ് (81) എന്നിവരും ഗോൾ നേടി.

ചെൽസിയുടെയും ലെസ്റ്ററിന്റെയും തോൽവിയോടെ ലീഗിൽ കാര്യങ്ങൾ പ്രവചനാതീതമായി. ആറാം സ്ഥാനത്തുള്ള വോൾവ്‌സും മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററും തമ്മിൽ മൂന്ന് പോയന്റാണ് വ്യത്യാസം. ആദ്യനാലിലെത്താൻ മോഹിക്കുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡും വോൾവ്‌സും കഴിഞ്ഞ കളിയിൽ ജയം നേടിയിരുന്നു. 32 കളിയിൽ ലെസ്റ്റർ (55), ചെൽസി (54), യുണൈറ്റഡ് (52), വോൾവ്‌സ്‌ (52) എന്നിങ്ങനെയാണ് പോയന്റ് നില.

നാലു ടീമുകൾക്കും അഞ്ചു മത്സരംവീതം ബാക്കിയുണ്ട്. ലീഗിലെ ആദ്യ നാലു സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത ലഭിക്കുന്നത്. ലീഗിലെ ഒന്നും രണ്ടും സ്ഥാനങ്ങൾ ലിവർപൂളും മാഞ്ചെസ്റ്റർ സിറ്റിയും ഉറപ്പിച്ചിട്ടുണ്ട്. മൂന്നും നാലും സ്ഥാനത്തിനുവേണ്ടിയാണ് നാലു ടീമുകൾ മത്സരിക്കുന്നത്. അവസാനമത്സരത്തിൽ ലെസ്റ്ററും യുണൈറ്റഡും നേർക്കുനേർവരുമെന്ന പ്രത്യേകതകൂടിയുണ്ട്.