ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്‌ബോളിലെ ഏറ്റവും കടുത്ത സീസണിനാണ് ഞായറാഴ്ച തിരശ്ശീല വീണത്. ഒരു പോയന്റിന്റെ വ്യത്യാസത്തിൽ മാഞ്ചെസ്റ്റർ സിറ്റി ലിവർപൂളിനെ മറികടന്ന് കിരീടമുയർത്തി. സീസണിന്റെ പകുതി പിന്നിട്ടപ്പോൾ സിറ്റിയെക്കാൾ ഏറെ മുന്നിലായിരുന്നു ലിവർപൂൾ. എന്നാൽ, അവസാന സമയത്ത് ലിവർപൂൾ സമനിലകളിൽ കുരുങ്ങിയപ്പോൾ സിറ്റി തോൽക്കാതെ നോക്കി. അവസാന 14 മത്സരങ്ങളിലും ജയിച്ചാണ് പെപ് ഗാർഡിയോളയും സംഘവും കിരീടത്തിൽ മുത്തമിട്ടത്.

സീസണിലെ വിധി തീരുമാനിച്ച ചില മത്സരങ്ങൾ

1 ഒക്ടോബർ 7-2018: ലിവർപൂൾ 0 മാഞ്ചെസ്റ്റർ സിറ്റി 0

- സീസണിൽ സിറ്റിയുടെ ഏറ്റവും കടുത്ത എവേ പോരാട്ടമായിരുന്നു ഇത്. ആ സമയം ലിവർപൂൾ സിറ്റിയേക്കാൾ ഏറെ മുന്നിലായിരുന്നു. ആൻഫീൽഡിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ സിറ്റിക്ക് ആത്മവിശ്വാസം വർധിച്ചു

2 ഒക്ടോബർ 29 2018: ടോട്ടനം 0 മാഞ്ചെസ്റ്റർ സിറ്റി 1

- സീസണിൽ സിറ്റി പേടിച്ച മറ്റൊരു എവേ പോരാട്ടം. ടോട്ടനത്തിനെ അവരുടെ ഗ്രൗണ്ടിൽ മറികടക്കാനായത് ടീമിന് ഊർജം പകർന്നു

3 ജനുവരി 3-2019: മാഞ്ചെസ്റ്റർ സിറ്റി -2 ലിവർപൂൾ 1

-മത്സരത്തിനിറങ്ങുംമുമ്പ് ഏഴ് പോയന്റിന്റെ ലീഡുണ്ടായിരുന്നു ലിവർപൂളിന്. ലീഗിൽ തുടർച്ചയായ പത്താം ജയം ലക്ഷ്യമിട്ടായിരുന്നു ചെമ്പടയുടെ വരവ്. എന്നാൽ, ജയത്തോടെ സിറ്റി അകലം നാലാക്കി ചുരുക്കി.

4 ഫെബ്രുവരി 3- 2019: മാഞ്ചെസ്റ്റർ സിറ്റി 3 ആഴ്‌സനൽ 1

-ന്യൂകാസിലിനോട് തോറ്റതിന് ശേഷമായിരുന്നു സിറ്റി ആഴ്‌സനലിനെതിരേ കളിക്കാനെത്തിയത്. ലിവർപൂൾ ലെസ്റ്ററിനോട് സമനില വഴങ്ങുകകൂടി ചെയ്തതോടെ അവർക്ക് അഞ്ചുപോയന്റിന്റെ ലീഡായി. ഇതോടെ മത്സരം നിർണായകമായി. ആഴ്‌സനലിനെതിരേ സിറ്റി ജയിക്കുകയും വെസ്റ്റ്‌ഹാമിനെതിരേ ലിവർപൂൾ കുരുങ്ങകയുംകൂടി ചെയ്തതോടെ ഇരുവരും തമ്മിലുള്ള അകലം മൂന്നായി ചുരുങ്ങി. ലിവർപൂളിനേക്കാൾ ഒരു മത്സരം കുറച്ചായിരുന്നു സിറ്റി കളിച്ചത്.

ഫെബ്രുവരി-6- 2019: എവർട്ടൺ 0 സിറ്റി 2

-ജയത്തോടെ സിറ്റി ഡിസംബറിനുശേഷം ആദ്യമായി ഒന്നാം സ്ഥാനത്തേക്കുയർന്നു. പോയന്റുകൾ തുല്യമായെങ്കിലും ഗോൾവ്യത്യാസമാണ് സിറ്റിയെ തുണച്ചത്.

ഫെബ്രുവരി 24-2019: മാഞ്ചെസ്റ്റർ യുണൈറ്റഡ് 0- ലിവർപൂൾ 0

-സിറ്റിയുടെ അതേ പോയന്റുണ്ടായിരുന്ന ലിവർപൂൾ യുണൈറ്റഡുമായി സമനിലയിൽ കുരുങ്ങി രണ്ട് പോയന്റ് നഷ്ടമാക്കി

മാർച്ച് 3- 2019: എവർട്ടൺ 0- ലിവർപൂൾ 0

-മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ലിവർപൂളിന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാമായിരുന്നു. എന്നാൽ, സമനിലയിൽ കുരുങ്ങിയതോടെ സിറ്റിക്ക് ഒരു പോയന്റിന്റെ മാത്രം ലീഡ്. ബാക്കിയുള്ളത് ഒമ്പത് മത്സരം മാത്രം.

ഏപ്രിൽ 24-2019: യുണൈറ്റഡ് 0 സിറ്റി 2

-മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരേ അവരുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽകൂടി ജയിക്കാനായതോടെ സിറ്റി കിരീടത്തിലേക്ക് ചുവടുവെച്ചു. അതിനുശേഷമുള്ള എല്ലാ മത്സരങ്ങളിലും സിറ്റി ജയിച്ചു. കുറച്ചെങ്കിലും വെല്ലുവിളിയായത് ലെസ്റ്ററിനെതിരായ പോരാട്ടം മാത്രം.