വെല്ലിങ്ടണ്‍: അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇംഗ്ലണ്ടിന് ജയം. അഞ്ചുമത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നാലു റണ്‍സിനാണ് ഇംഗ്ലീഷ് ടീമിന്റെ ജയം.

ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് (2-1) മുന്നിലെത്തി. 23 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയീന്‍ അലിയാണ് കളിയിലെ താരം.

സ്‌കോര്‍: ഇംഗ്ലണ്ട്: 50 ഓവറില്‍ 234-ന് പുറത്ത്; ന്യൂസീലന്‍ഡ് 50 ഓവറില്‍ എട്ടിന് 230.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (112*) ക്രീസിലിരിക്കേ അവസാന ഓവറില്‍ കിവീസിന് 15 റണ്‍സ് വേണമായിരുന്നു. ആദ്യ നാലു പന്തില്‍ പത്ത് റണ്‍സെടുത്ത കിവീസിന് അവസാന രണ്ടുപന്തില്‍ റണ്ണൊന്നുമെടുക്കാനായില്ല.

വില്യംസണ് പുറമേ കോളിന്‍ മണ്‍റോ (49), മിച്ചല്‍ സാന്റ്‌നര്‍ (41) എന്നിവരും പൊരുതി.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട്, ക്യാപ്റ്റന്‍ ഓയീന്‍ മോര്‍ഗന്‍ (48), ബെന്‍ സ്റ്റോക്‌സ് (39), ജോസ് ബട്‌ലര്‍ (29) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്.

ഇംഗ്ലീഷ് ബൗളിങ് നിരയില്‍ മോയീന്‍ അലി മൂന്നും ക്രിസ് വോക്‌സ്, ആദില്‍ റാഷിദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.