ലണ്ടൻ: ഇതിലും ആവേശകരമായ കിരീടധാരണം സ്വപ്‌നങ്ങളിൽ മാത്രം. ഇംഗ്ലണ്ടിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ക്രിക്കറ്റിന്റെ തറവാട്ടുമുറ്റമായ ലോർഡ്‌സിൽ കിരീടനേട്ടത്തിന്റെ സ്വപ്‌ന സാക്ഷാത്കാരം.

ആവേശകരമായ ഫൈനലിൽ സൂപ്പർ ഓവറിലൂടെ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോക കപ്പ് ക്രിക്കറ്റിൽ ചാമ്പ്യൻമാരായി.

50 ഓവർ മത്സരത്തിനൊടുവിലും സൂപ്പർ ഓവറിലും ഇരുടീമുകളുടെയും സ്‌കോർ തുല്യമായതിനെത്തുടർന്ന് മത്സരത്തിൽ കൂടുതൽ ബൗണ്ടറി നേടിയ ഇംഗ്ലണ്ട് വിജയികളാവുകായിരുന്നു. ഓപ്പണർ ഹെന്റി നിക്കോൾസിന്റെ (55)യും ടോം ലാഥ(47)ത്തിന്റെയും ബാറ്റിങ് മികവിൽ ന്യൂസീലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റിന് 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് ബെൻ സ്‌റ്റോക്‌സിന്റെ(84)യും ജോസ് ബട്‌ലറു(59)ടെയും മികവിൽ ഇതേ സ്‌കോറിലെത്തി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടിയപ്പോൾ മറുപടിയായി ന്യൂസീലൻഡും ഇതേ സ്‌കോറിലെത്തുകയായിരുന്നു. അവസാന പന്തിൽ രണ്ടാം റണ്ണിനോടിയ മാർടിൻ ഗപ്ടിൽ റണ്ണൗട്ടായതോടെയാണ് സ്‌കോർ തുല്യമായത്.

ചെറിയ സ്‌കോർ മാത്രം പിറന്ന മത്സരത്തിൽ ഓരോ പന്തിലും ഓരോ ഇഞ്ചിലും പോരാടിയാണ് ഇംഗ്ലണ്ട് ഒടുവിൽ ന്യൂസീലൻഡിനെ മറികടന്നത്. ഇംഗ്ലണ്ട് കിരീടം നേടിയതോടെ ക്രിക്കറ്റ് ലോകകപ്പിൽ പുതിയ ചാമ്പ്യന്റെ ഉദയമായി. 60 പന്തിൽ ആറു ബൗണ്ടറി സഹിതം ബട്‌ലർ 59 റൺസ് നേടിയപ്പോൾ 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറും സഹിതമായിരുന്നു സ്റ്റോക്‌സ് 84 റൺസ് നേടിയത്. ബെൻ സ്‌റ്റോക്‌സാണ് കളിയിലെ താരം.

Content Highlights: england wins cricket world cup final 2019