• ജോസ് ബട്‌ലർ 52 പന്തിൽ 83*
  • ഇംഗ്ലണ്ടിന് എട്ടുവിക്കറ്റ് ജയം
  • വിരാട് കോലി 46 പന്തിൽ 77*

 

അഹമ്മദാബാദ്: തുടർച്ചയായി രണ്ടാം അർധസെഞ്ചുറിയുമായി വിരാട് കോലി (46 പന്തിൽ 77 നോട്ടൗട്ട്) പ്രതാപത്തിലേക്ക് തിരിച്ചെത്തി. പക്ഷേ, ഇംഗ്ലണ്ട് ഒാപ്പണർ ജോസ് ബട്‌ലർ (52 പന്തിൽ 83*) അതിനെയും കടത്തിവെട്ടുന്ന ഫോമിലായിരുന്നു.

ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് എട്ടുവിക്കറ്റ് ജയം. സ്കോർ: ഇന്ത്യ 20 ഒാവറിൽ ആറിന് 156, ഇംഗ്ലണ്ട് 18.2 ഒാവറിൽ രണ്ടിന് 158.

ഇതോടെ, അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി (2-1).

ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു. ഋഷഭ് പന്ത് (20 പന്തിൽ 25) ഒഴികെ മറ്റു ബാറ്റ്‌സ്‌മാന്മാരിൽനിന്ന് കോലിക്ക് വലിയ പിന്തുണ കിട്ടിയില്ല. രോഹിത് ശർമ (15), കെ.എൽ. രാഹുൽ (0), ഇഷാൻ കിഷൻ (4), ശ്രേയസ് അയ്യർ (9), ഹാർദിക് പാണ്ഡ്യ (17) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോർ. കഴിഞ്ഞ മൂന്ന് ഇന്നിങ്‌സിൽ രാഹുലിന്റെ സ്‌കോർ 1, 0, 0 എന്നിങ്ങനെ. 15 ഒാവറിൽ അഞ്ചിന് 87 എന്നനിലയിലായിരുന്ന ഇന്ത്യയെ വിരാട് കോലിയുടെ തീപ്പൊരി ബാറ്റിങ് രക്ഷിച്ചു.

അവസാന അഞ്ച് ഓവറിൽ ആകെ 69 റൺസ് അടിച്ചു. ഇതിൽ കോലിയുടെ നാലു സിക്സും ഹാർദിക് പാണ്ഡ്യയുടെ രണ്ടു സിക്സുമുണ്ട്. കോലി എട്ടു ഫോറും അടിച്ചു. മൂന്നാം ഓവറിൽ രാഹുൽ മടങ്ങുമ്പോൾ സ്‌കോർ ഏഴ് റൺസിൽ എത്തിയതേയുള്ളൂ. വൺഡൗണായി എത്തിയത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാൻ കിഷൻ. അഞ്ചാം ഓവറിൽ രോഹിത് ശർമയും ആറാം ഓവറിൽ ഇഷാൻ കിഷനും പുറത്തായതോടെ ഇന്ത്യ ആറ്‌ ഓവറിൽ മൂന്നിന് 24 എന്നനിലയിലായി.

അഞ്ചാമനായി എത്തിയ ഋഷഭ് പന്തും കോലിയും ചേർന്ന് നല്ലരീതിയിൽ സ്‌കോർ മുന്നോട്ടുപോകവേ, ഋഷഭ് ദൗർഭാഗ്യകരമായി റൺഔട്ടായി. സിക്‌സിനു ശ്രമിച്ച് ശ്രേയസ് അയ്യർ ബൗണ്ടറിലൈനിൽ ക്യാച്ച് നൽകിയതോടെ അഞ്ചിന് 86 എന്നനിലയിൽ തകർന്നു. ഇംഗ്ളണ്ടിനുവേണ്ടി മാർക് വുഡ് 31 റൺസിന് മൂന്നുവിക്കറ്റും ക്രിസ് ജോർദാൻ രണ്ടു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ നാലാം ഒാവറിൽ ജാസൺ റോയിയെ (9) യുസ്‌വേന്ദ്ര ചാഹൽ മടക്കി. പക്ഷേ, ഡേവിഡ് മലാൻ (18), ജോണി ബെയർസ്റ്റോ (28 പന്തിൽ 40*) എന്നിവർ ഉറച്ചുനിന്നതോടെ വലിയ സമ്മർദമില്ലാതെ ജയം നേടാനായി.

76 റൺസിൽനിൽക്കെ ചാഹലിന്റെ പന്തിൽ ബട്‌ലറെ പുറത്താക്കാനുള്ള അവസരം കോലി കൈവിട്ടിരുന്നു. ബട്‌ലർ അഞ്ച് ഫോറും നാലു സിക്സും അടിച്ചു. ട്വന്റി 20 ക്രിക്കറ്റിൽ ബട്‌ലറുടെ ഉയർന്ന സ്കോറാണിത്.

content highlights: england beats india