ഫുട്‌ബോൾ താരങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കുന്ന കാര്യത്തിൽ തർക്കവും പരാതികളുമുയർന്നതോടെ വിഷയത്തിൽ ഇടപെടാൻ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ തീരുമാനിച്ചു. ക്ലബ്ബുകൾക്കും അസോസിയേഷനുകൾക്കും ഇതുസംബന്ധിച്ച് മാർഗരേഖ നൽകാനാണ് ഫിഫ ആലോചിക്കുന്നത്.

കൊറോണ വ്യാപനത്തോടെ ഫുട്‌ബോൾ ലീഗുകൾ പൂർത്തിയാകാതിരിക്കുകയും ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകൾ മുടങ്ങിക്കിടക്കുകയും ചെയ്തതോടെ ഫുട്‌ബോൾ ക്ലബ്ബുകൾക്ക് കടുത്ത പ്രതിസന്ധിയുണ്ട്. ടെലിവിഷൻ, സ്പോൺസർഷിപ്പ്, മാച്ച് ഡേ വരുമാനം തുടങ്ങിയവയിൽ കുറവുവരും. ഇതോടെ കളിക്കാരുടെ വേതനത്തിൽ നിശ്ചിത ശതമാനം കുറവുവരുത്താൻ ക്ലബ്ബുകൾ നീക്കം തുടങ്ങി. യുവന്റസ് അടക്കം ചില ക്ലബ്ബുകൾ ഇക്കാര്യത്തിൽ കളിക്കാരുമായി ധാരണയിലുമെത്തി. എന്നാൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താരങ്ങളും ക്ലബ്ബുകളും അസോസിയേഷനും തമ്മിൽ തർക്കമുടലെടുത്തതോടെ അടിയന്തരമായി വിഷയത്തിൽ ഇടപെടാൻ ഫിഫ തീരുമാനിക്കുകയായിരുന്നു. ഇതിനായി മാർഗരേഖ ഇതിനകം ഫിഫ വർക്കിങ് ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫിഫ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ കളിക്കാരുടെ വാർഷിക വേതനത്തിൽ 35 ശതമാനം കുറവുവരുത്താനാണ് ക്ലബ്ബുകളും അസോസിയേഷനും ആലോചിക്കുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ സർക്കാരിനെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം താഴെത്തട്ടിലുള്ള ക്ലബ്ബുകളെ സഹായിക്കുന്നതിനും കൂടിയാണിത്. ഏതാണ്ട് 950 കോടിയോളം രൂപ ലഭിക്കുമെന്ന പ്രതീക്ഷ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനുണ്ട്. എന്നാൽ, താരങ്ങൾ ഇതിനെതിരേ രംഗത്തുവന്നതോടെ പ്രതിസന്ധി ഉടലെടുത്തു.

ക്ലബ്ബുകളും താരങ്ങളും തമ്മിലുള്ള കരാർ, ക്ലബ്ബുകളുടെ സാമ്പത്തിക നില, ലീഗുകളുടെ അവസ്ഥ, പൊതുവായ തൊഴിൽനിയമങ്ങൾ എന്നിവ പരിഗണിച്ചുള്ള മാർഗരേഖയാണ് തയ്യാറാക്കിയത്. ഇറ്റാലിയൻ ലീഗിലാണ് വേതനക്കുറവിനെ സംബന്ധിച്ച് കാര്യമായ തർക്കമില്ലാത്തത്. സ്പെയിനിൽ ബാഴ്‌സലോണ 70 ശതമാനം വേതനം കുറയ്ക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇംഗ്ലണ്ടിൽ മാഞ്ചെസ്റ്റർ സിറ്റി കളിക്കാരുടെ വേതനം കുറയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡാകട്ടെ 30 ശതമാനം കുറച്ച് അത് കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് നൽകാനുള്ള ഒരുക്കത്തിലാണ്. ടോട്ടനം ക്ലബ്ബ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചത് വിവാദത്തിലുമായി. ജർമൻ ബുണ്ടസ് ലീഗ ക്ലബ്ബുകളും കളിക്കാരുടെ വേതനത്തിൽ കുറവുവരുത്തിയിട്ടുണ്ട്.

Content Highllights: Dispute over players' pay cuts: FIFA intervenes