റോം: ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ കാഗ്ലിയാരിക്കെതിരേ ഹാട്രിക് നേടിയതോടെ ചരിത്രം സൃഷ്ടിച്ച് യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതോടെ ഔദ്യോഗിക മത്സരങ്ങളിലെ ഗോൾവേട്ടയിൽ ഫുട്‌ബോൾ ഇതിഹാസം ബ്രസീലിന്റെ പെലെയെ മറികടന്നു. ക്രിസ്റ്റ്യാനോയ്ക്ക് കരിയറിൽ 770 ഗോളുകളായി. പെലെ 767 ഗോളുകളാണ് നേടിയത്.

ഔദ്യോഗിക മത്സരത്തിൽ ഗോൾ നേട്ടത്തിൽ ഒന്നാമത് ക്രിസ്റ്റ്യാനോയാണോയെന്ന് ഇപ്പോഴും വ്യക്തതയില്ല. ഓസ്ട്രിയൻ-ചെക്ക് താരം ജോസഫ് ബികാൻ ആണെന്നും അതല്ല ഹാട്രിക്കോടെ ക്രിസ്റ്റ്യാനോയാണെന്നുമുള്ള വാദം ഫുട്‌ബോൾ ലോകത്ത് ഉയർന്നുകഴിഞ്ഞു. ബികാെന്റ ഗോളുകൾക്ക് ഔദ്യോഗിക രേഖകളൊന്നുമില്ല.

തന്റെ നേട്ടം പങ്കുവെച്ചുകൊണ്ടുള്ള സാമൂഹികമാധ്യമത്തിലെ പോസ്റ്റിൽ പെലെയെ മറികടന്നതിലും ലോകത്തെ ഗോൾവേട്ടക്കാരിൽ ആദ്യസ്ഥാനക്കാരനായതിലും ക്രിസ്റ്റ്യാനോ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഗോൾവേട്ടയിൽ തന്നെ മറികടന്ന ക്രിസ്റ്റ്യാനോയെ പെലെ സാമൂഹിക മാധ്യത്തിലൂടെ അഭിനന്ദിച്ചു. ക്ലബ്ബുകൾക്കും രാജ്യത്തിനുമായാണ് ക്രിസ്റ്റ്യാനോ 770 ഗോൾ നേടിയത്. അദ്ദേഹത്തിന്റെ കരിയറിലെ 57-ാം ഹാട്രിക്കാണ് ഞായറാഴ്ച പിറന്നത്. സീരി എ യിൽ ഈ സീസണിൽ യുവന്റസിനായി ക്രിസ്റ്റ്യാനോ 23 ഗോൾ നേടിക്കഴിഞ്ഞു.

content highlights: cristiano ronaldo breaks pele's record