തുടർച്ചയായ നാല് വിജയങ്ങളോടെ ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിലേക്ക് ഒരു ചുവടുകൂടി അടുത്തു. എന്നാൽ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ എന്നീ വമ്പൻമാർക്കെതിരായ വിജയംപോലെ ആധികാരികമായിരുന്നില്ല ശനിയാഴ്ച അഫ്ഗാനിസ്താനെതിരായ 11 റൺസ് ജയം. ഇന്ത്യ പലവട്ടം തോൽവിയെ മുഖാമുഖം കണ്ടു. 48 ഓവർ വരെ അഫ്ഗാനിസ്താനും തുല്യസാധ്യതയായിരുന്നു. ജസ്പ്രീത് ബുംറ എന്ന ഒന്നാം നമ്പർ ബൗളറും മുഹമ്മദ് ഷമിയുടെ ഹാട്രിക്കും പരിചയസമ്പത്ത് നല്കിയ ആത്മവിശ്വാസവുംമാത്രമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

മുൻനിര മങ്ങിയാൽ

ഈ ലോകകപ്പിൽ ആദ്യ മൂന്നു കളികളിലും ഇന്ത്യയുടെ ഓപ്പണർമാരിലൊരാൾ കളിയുടെ മുക്കാൽ ഭാഗവും ക്രീസിലുണ്ടായിരുന്നു. ശനിയാഴ്ച അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ അഞ്ചാം ഓവറിൽ രോഹിത് ശർമ മടങ്ങി. 15-ാം ഓവറിൽ മറ്റൊരു ഓപ്പണർ ലോകേഷ് രാഹുലും മടങ്ങി (അപ്പോൾ സ്കോർ 64). മുൻനിരയെ മാത്രം ആശ്രയിച്ചാണ് ഇന്ത്യ ഇതുവരെ കുതിച്ചത്. ശിഖർ ധവാൻ ഇനി ലോകകപ്പിലില്ല. നാലാം നമ്പറിൽ ബാറ്റുചെയ്തിരുന്ന ലോകേഷ് രാഹുൽ ഓപ്പണറായി സ്ഥാനം മാറി. രോഹിത് എല്ലാ കളികളിലും സെഞ്ചുറി അടിക്കുമെന്ന് കരുതാനാകില്ല. നാലാം നമ്പറിലിറങ്ങുന്ന വിജയ് ശങ്കറിന് മികച്ച ബൗളിങ് നിരയ്ക്കെതിരേ വലിയൊരു ഇന്നിങ്‌സ് പണിതുയർത്താൻ കഴിയുമെന്ന് ഉറപ്പില്ല.

റോസ് ബൗളിൽ ബൗളിങ്

സതാംപ്ടണിലെ റോസ് ബൗൾ പിച്ചിൽ വലിയ ടോട്ടൽ എളുപ്പമായിരുന്നില്ല. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 227, രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസ് 212 എന്നിങ്ങനെയാണ് ഇവിടെ സ്കോർ ചെയ്തത്. 250-260 റൺസ് ഇവിടെ മികച്ച സ്കോറാകുമെന്ന് കോലി പറയുകയും ചെയ്തു.

രോഹിത് പുറത്തായശേഷം, രണ്ടാം വിക്കറ്റിൽ വിരാട് കോലി- രാഹുൽ സഖ്യം 60 പന്തിൽ 57 റൺസടിച്ചിരുന്നു. ശരാശരി, ആറ് റൺസിനടുത്ത്. തീർത്തും നിരുത്തരവാദപരമായി, മുഹമ്മദ് നബിയെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് രാഹുൽ പുറത്തായതോടെ സ്കോറിങ് നിരക്ക് കുത്തനെ താഴ്ന്നു. രണ്ട് വിക്കറ്റ് പോയിരിക്കേ വിരാട് കോലിയിലേക്ക് സമ്മർദം വന്നു. കൂറ്റൻ അടിയിലേക്ക് പോകാൻ കഴിയാതായി. വിജയ് ശങ്കറിന് ഈ ഘട്ടത്തിലെ വലിയൊരു ചുമതല ഏറ്റെടുക്കാനായില്ല. കൃത്യമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കൊടുക്കാനും സ്വന്തം സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കാനുമായില്ല. കോലി- വിജയ് ശങ്കർ സഖ്യം 71 പന്തിൽ 58 റൺസെടുത്തെങ്കിൽ പിന്നീട് ധോനി- കേദാർ സഖ്യം 84 പന്തിൽ 57 റൺസ് മാത്രമാണ് അടിച്ചത്. ബിഗ് ഹിറ്ററായ ഹാർദിക് പാണ്ഡ്യയ്ക്ക് സട്രൈക്ക് കിട്ടിയതേയില്ല. നാല് മികച്ച സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യയുടെ റണ്ണൊഴുക്കിന് തടയിടാനുള്ള അഫ്ഗാൻ തന്ത്രത്തിൽ ഇന്ത്യ വീണു. മധ്യ ഓവറുകളിൽ സിംഗിളുകൾ കട്ട് ചെയ്ത് ഇന്ത്യയെ സമ്മർദത്തിലാക്കി. 34 ഓവർ എറിഞ്ഞ അഫ്ഗാൻ സ്പിന്നർമാർ 119 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

ടോപ് ക്ലാസ് ബൗളിങ്

ഈ വിജയം ബൗളർമാരുടേതാണ്. ഭുവനേശ്വറിന്റെ അഭാവത്തിലും മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നീ നാലു ലോകോത്തര ബൗളർമാർ എത്ര ചെറിയ ടോട്ടലാണെങ്കിലും പ്രതിരോധിക്കാം എന്ന ആത്മവിശ്വാസം ക്യാപ്റ്റന് നൽകുന്നു.

മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്താന്റെ ആസൂത്രണം കൃത്യമായിരുന്നു. ഏഴാം ഓവറിൽ ഹസ്രത്തുള്ള സസായിയെ പുറത്താക്കി മുഹമ്മദ് ഷമി ബ്രേക്ക് ത്രൂ നൽകിയെങ്കിലും രണ്ടാംവിക്കറ്റിൽ നയിബ്- റഹ്മത്ത് ഷാ സഖ്യം 44, മൂന്നാം വിക്കറ്റിൽ ഷാഹിദി- റഹ്മത്ത് സഖ്യം 42 എന്നിങ്ങനെ സ്കോർ ചെയ്ത് വിജയസാധ്യത ഉറപ്പിച്ചുകൊണ്ടിരുന്നു.

ബുംറ-ഷമി സഖ്യത്തെ എട്ട് ഓവർ കഴിഞ്ഞ് പിൻവലിച്ചത് ഏത് സമയത്തും ഒരു ബ്രേക്ക് ത്രൂവിനുവേണ്ടി ഇവരെ തിരികെ വിളിക്കേണ്ടിവന്നേക്കാം എന്നതുകൊണ്ടാണ്.

സാധാരണയിൽനിന്ന് വ്യത്യസ്തമായി ഒമ്പതാം ഓവർ ചാഹലിന് നൽകിയത്, അധികം കാത്തിരിക്കാനോ പരീക്ഷണങ്ങൾക്കോ സമയമില്ല എന്ന പ്രഖ്യാപനമായിരുന്നു. ബുംറയെ രണ്ടാം സ്പെല്ലിന് കൊണ്ടുവന്ന സമയവും ഉചിതമായി. അഫ്ഗാനിസ്താൻ രണ്ടിന് 106 എന്ന നിലയിലിരിക്കേയാണ് ബുംറ 29-ാം ഓവറിനെത്തിയത്. ആ കൂട്ടുകെട്ട് ഒരല്പം കൂടി തുടർന്നാൽ അവർക്ക് കടന്നാക്രമിക്കാനുള്ള ആത്മവിശ്വാസം കിട്ടിയേനെ. എന്നാൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾവീഴ്ത്തി ബുംറ കളി തിരിച്ചു. 49-ാം ഓവറിൽ ബുംറ എത്തുമ്പോൾ അഫ്ഗാന് വേണ്ടത് 12 പന്തിൽ 21 റൺസ്. ആ ഓവറിൽ അഞ്ച് റൺസ് മാത്രം വിട്ടുനൽകി ബുംറ ഷമിക്ക് പന്ത് കൈമാറി. ചരിത്രം കുറിച്ച ഹാട്രിക്കോടെ ഷമി വിജയം പൂർത്തിയാക്കി.

ഇനിയെന്ത്

നോക്കൗട്ടിലേക്ക് കടക്കുമ്പോൾ മധ്യനിര ബാറ്റിങ്ങിൽ ഇന്ത്യക്ക്‌ പുനരാലോചന വേണ്ടിവരും. ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, രവീന്ദ്ര ജഡേജ എന്നിവരിലൊരാളെ പരീക്ഷിക്കാൻ ഇനിയുമേറെ സമയമില്ല. ഓൾറൗണ്ടറായി വന്ന വിജയ് ശങ്കറിനെ ശനിയാഴ്ച ഒരോവർ പോലും എറിയിക്കാൻ ക്യാപ്റ്റന് ധൈര്യമുണ്ടായില്ല എന്നോർക്കണം. നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരും ഹാർദിക് പാണ്ഡ്യയും ടീമിലുണ്ടായിരിക്കേ ബാറ്റിങ്ങിലും ബൗളിങ്ങിലും ‘ഉറപ്പില്ലാത്ത’ ഒരാളെയും കൊണ്ട് സെമി കളിക്കുന്നത് അപകടകരമാകും.