ലണ്ടൻ: പുതിയ ചാമ്പ്യനെ സൃഷ്ടിക്കുന്ന ഗ്രേറ്റ് ഫൈനൽ...

ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കളിയിൽ ഞായറാഴ്ച ഇംഗ്ലണ്ടും ന്യൂസീലൻഡും മുഖാമുഖംവരുമ്പോൾ ഗ്രേറ്റ് ഫൈനൽ തന്നെയാണ് ലോകം കാത്തിരിക്കുന്നത്. നാലാംവട്ടം ഫൈനലിലെത്തിയ ഇംഗ്ലണ്ടും രണ്ടാംവട്ടം ഫൈനലിലെത്തിയ ന്യൂസീലൻഡും കൊതിക്കുന്നത് കന്നിക്കിരീടം. സെമിയിൽ ന്യൂസീലൻഡ് കരുത്തരായ ഇന്ത്യയെ 18 റൺസിന് തോൽപ്പിച്ചപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിന് തകർത്താണ് ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിനെത്തുന്നത്. ലോർഡ്‌സ് ഗ്രൗണ്ടിൽ ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് മത്സരം തുടങ്ങുന്നത്.

പ്രാഥമികറൗണ്ടിൽ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് സെമിയിലെ മിന്നുന്ന പ്രകടനവുമായി ഫൈനൽ പോരാട്ടത്തിനൊരുങ്ങുന്നത്. ടൂർണമെന്റിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന ഇംഗ്ലണ്ടും ന്യൂസീലൻഡും ഒരു ഘട്ടത്തിൽ സെമിയിലെത്തുമെന്നുതന്നെ സംശയിച്ചതാണ്. പ്രാഥമികറൗണ്ടിലെ അവസാന മൂന്നുമത്സരങ്ങളും തോറ്റ ന്യൂസീലൻഡിന് ഇന്ത്യയ്ക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെത്തുടർന്ന് കിട്ടിയ ഒരു പോയന്റാണ് സെമിബർത്ത് സമ്മാനിച്ചത്. സെമിപ്രവേശം തുലാസിലായിരിക്കെ അവസാന മത്സരങ്ങളിൽ ഇന്ത്യയെയും ന്യൂസീലൻഡിനെയും തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. നിർണായകസമയത്ത് വിജയതൃഷ്ണ കാണിച്ച് സെമികടമ്പകടന്ന ഇംഗ്ലണ്ടും ന്യൂസീലൻഡും ഫൈനലിലും അതേ ആവേശം തുടർക്കഥയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.