ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്രവിജയത്തിൽ ഇന്ത്യയുടെ ഓരോ കളിക്കാരുടെയും കഠിനാധ്വാനത്തിന്റെ കഥയുണ്ട്. സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഓർമയിൽ ആവേശത്തിനൊപ്പം വേദനയും കലർന്നിട്ടുണ്ട്. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ബാറ്റുചെയ്യുന്നതിനിടെ വിരലിൽ പന്തുകൊണ്ട ജഡേജയ്ക്ക് കാര്യമായ പരിക്കുണ്ടായിരുന്നു. ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചു.

എന്നാൽ, രണ്ടാം ഇന്നിങ്‌സിൽ ഹനുമ വിഹാരിയും ആർ. അശ്വിനും ചേർന്ന് നടത്തിയ പോരാട്ടം ഇന്ത്യയെ സമനിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 40 ഓവറിലേറെ ബാറ്റുചെയ്തു. ഈ സമയത്ത് ജഡേജ പാഡുകെട്ടി പവലിയനിൽ ഇരിക്കുന്നത് കാണാമായിരുന്നു. വേണ്ടിവന്നാൽ കളിക്കാൻ തയ്യാറായാണ് വന്നതെന്ന് ജഡേജ കഴിഞ്ഞദിവസം പറഞ്ഞു.

‘‘വേദന കുറയ്ക്കാനുള്ള ഇൻജക്‌ഷൻ എടുത്തശേഷമാണ് പാഡുകെട്ടിയത്. വേദനയുള്ള കൈയുമായി ഏതൊക്കെ ഷോട്ടുകൾ കളിക്കാം, എങ്ങനെ ഇന്നിങ്‌സ് നീട്ടിയെടുക്കാം എന്നെല്ലാം ഞാൻ പ്ലാൻ ചെയ്തു. ഇന്ത്യ ജയിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഇറങ്ങാം എന്നായിരുന്നു തീരുമാനം. 10-15 ഓവർ ബാറ്റുചെയ്യാൻ ഞാൻ മാനസികമായി തയ്യാറായിരുന്നു. എന്നാൽ, ഋഷഭ് പന്ത് പുറത്തായതോടെ പ്ലാൻ മാറ്റി. പിന്നീട് സമനിലയ്ക്കുവേണ്ടിയാണ് കളിച്ചത്.’’ ജഡേജ പറഞ്ഞു.

ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനും റെഡി

ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങാൻ പറഞ്ഞാൽ അതിനും ഒരുക്കമായിരുന്നെന്ന് ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ. ഗാബയിൽ നടന്ന അവസാന ടെസ്റ്റിൽ, ആദ്യ ഇന്നിങ്‌സിൽ 62 റൺസും രണ്ടാം ഇന്നിങ്‌സിൽ 22 റൺസുമെടുത്ത വാഷിങ്ടൺ ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

‘‘കോച്ച് രവിശാസ്ത്രിയുടെ ഡ്രസ്സിങ് റൂം ഉപദേശങ്ങൾ ടീമിനെയാകെ പ്രചോദിപ്പിച്ചു. സ്പെഷലിസ്റ്റ് സ്പിന്നറായാണ് അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ മൂന്നു വിക്കറ്റെടുത്തു. പത്താം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ കാര്യവും പറഞ്ഞു. പിന്നീട് അദ്ദേഹം ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ടെസ്റ്റ് ഓപ്പണറായി മാറി. അതുകേട്ടപ്പോൾ, അദ്ദേഹത്തെപ്പോലെ ഓപ്പണറായി ഇറങ്ങാൻ ഞാനും ആഗ്രഹിച്ചു’’ വാഷിങ്ടൺ പറഞ്ഞു.

മുമ്പ് മുൻനിര ബാറ്റ്‌സ്മാനായിരുന്ന സുന്ദർ, പിന്നീട് സ്പിൻ ബൗളിങ്ങിൽ ശ്രദ്ധ പതിപ്പിക്കുകയും ഓൾറൗണ്ടറായി മാറുകയുമായിരുന്നു.