മെൽബൺ: നിരാശയുടെയും നാണക്കേടിന്റെയും കറകൾ മായ്ച്ചുകളയാൻ ഇന്ത്യ, സ്വന്തം ടീമിന് അനുകൂലമായി കിട്ടിയ ‘മൊമന്റം’ മുതലാക്കാൻ ഓസ്‌ട്രേലിയ. ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ശനിയാഴ്ച മെൽബണിൽ തുടങ്ങുമ്പോൾ രണ്ടു ടീമുകളും രണ്ടു മാനസികാവസ്ഥയിലാണ്. മത്സരം ഇന്ത്യൻ സമയം രാവിലെ അഞ്ചുമുതൽ മെൽബണിൽ. സ്റ്റേഡിയത്തിൽ 30,000 പേർക്ക് പ്രവേശനമുണ്ട്.

ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലുമായി (36 റൺസ്) ഓൾഔട്ടായ ഇന്ത്യയ്ക്ക് തലയുയർത്തണമെങ്കിൽ ആധികാരിക ജയംതന്നെവേണം. അതിനിടെ ക്യാപ്റ്റൻ കോലി, പ്രധാന ബൗളർ മുഹമ്മദ് ഷമി എന്നിവരെ നഷ്ടപ്പെടുകയും ചെയ്തു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ ഷമി പരിക്കിൽപ്പെട്ടു.

മറ്റൊരു പ്രധാന ബൗളർ ഇഷാന്ത് ശർമ പരിക്കുകാരണം പരമ്പരയിൽനിന്ന് നേരത്തേ പിൻമാറിയിരുന്നു. ഇതിനൊപ്പം ഓപ്പണർ പൃഥ്വി ഷാ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഓൾറൗണ്ടർ ഹനുമ വിഹാരി എന്നിവരെയും മാറ്റിനിർത്തും എന്നാണ് സൂചന. കോലി, പൃഥ്വി ഷാ എന്നിവർക്കുപകരം കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവർ ഇലവനിലെത്തും. മായങ്ക് അഗർവാളിനൊപ്പം ഇതിലൊരാൾ ഒാപ്പണറാകും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും വിഹാരിക്ക് പകരം രവീന്ദ്ര ജഡേജയും എത്തും. ഷമിക്ക് പകരം നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി. നടരാജൻ എന്നിവർ പരിഗണനയിലുണ്ട്.

ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ലീഡ് നേടിയശേഷമാണ് ഇന്ത്യ തകർന്നടിഞ്ഞത്. അത് ഡേ നൈറ്റ് (പിങ്ക്‌ബോൾ) മത്സരമായിരുന്നു. ഡേ നൈറ്റ് ടെസ്റ്റിൽ ഉപയോഗിക്കുന്ന പിങ്ക് ബോൾ ഓസ്‌ട്രേലിയൻ ബൗളർമാർക്ക് ആധിപത്യം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ ഒട്ടേറെ ക്യാച്ചുകൾ വിട്ടതും വിനയായി.

മൂന്നാംദിവസംവരെ ഇന്ത്യയ്ക്ക് ആധിപത്യമുണ്ടായിരുന്ന മത്സരം ചെറിയ സമയത്തിനുള്ളിൽ വഴുതിപ്പോയി. ബാറ്റിങ്ങിൽ അമിതമായ പ്രതിരോധത്തിലേക്ക് വലിഞ്ഞത് വിനയായി എന്ന വിലയിരുത്തലുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുംമുമ്പ് കോലിയും ഇക്കാര്യം ചൂണ്ടാക്കാട്ടി എന്നാണ് റിപ്പോർട്ട്. ഋഷഭ് പന്ത്, രാഹുൽ എന്നിവർ എത്തുന്നതോടെ കുറച്ചുകൂടി ബാറ്റിങ്ങിന് ആക്രമണസ്വഭാവം വരും.

ഇനി മൂന്ന് ടെസ്റ്റുകളും പകൽമത്സരമാണെന്നത് ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നു.

ഏകദിനത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയയുടെ ഓപ്പണർ ഡേവിഡ് വാർണർ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഓസ്‌ട്രേലിയൻ ഇലവനിൽ മാറ്റമുണ്ടാകില്ലെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു.