cricketരണ്ടാം ടെസ്റ്റിൽ പൃഥ്വി ഷാ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ എന്നിവർക്ക് സ്ഥാനമുണ്ടാകില്ല

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ഞെട്ടിക്കുന്ന തോൽവിയിൽനിന്ന് കരകയറാൻ ഇന്ത്യൻ ടീം അടിമുടി മാറും. ഡിസംബർ 26-ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ അഞ്ചോളം മാറ്റങ്ങളുണ്ടാകും. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്‌ അവധി ആവശ്യപ്പെട്ടിരുന്ന ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യയിലേക്ക് തിരിച്ചു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് കളിക്കാനാകില്ല.ഇതിനൊപ്പം ഓപ്പണർ പൃഥ്വി ഷാ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഹനുമ വിഹാരി എന്നിവർക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്/നവ്ദീപ് സെയ്‌നി എന്നിവരായിരിക്കും പകരം എത്തുക. ക്യാപ്റ്റൻ സ്ഥാനം അജിൻക്യ രഹാനെ ഏറ്റെടുക്കും.

ഓപ്പൺ ചെയ്യാൻ രാഹുൽ

നേരത്തേ ടെസ്റ്റ് ഓപ്പണറായിരുന്ന കെ.എൽ. രാഹുൽ അതേ സ്ഥാനത്ത് എത്തും. ഒപ്പം മായങ്ക് അഗർവാളും ചേരുമ്പോൾ രണ്ട് കർണാടക ബാറ്റ്‌സ്മാൻമാരുടെ ചേരുവയാകും ഓപ്പണിങ്ങിൽ. പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള രാഹുൽ ഇക്കഴിഞ്ഞ ഐ.പി.എലിൽ ടോപ് സ്കോറർ ആയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങളിലും മോശമായില്ല. രാഹുൽ ഓപ്പണിങ്ങിലെത്തുമ്പോൾ യുവതാരം ശുഭ്മാൻ ഗിൽ വിരാട് കോലിയുടെ നാലാംസ്ഥാനത്തേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ.

വിക്കറ്റ് കീപ്പറായി, വൃദ്ധിമാൻ സാഹയ്ക്കുപകരം ഋഷഭ് പന്ത് എത്തുന്നതോടെ മധ്യനിരയിൽ ആക്രമിച്ചുകളിക്കുന്ന ഒരാളായി. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റിൽ ഋഷഭ് സെഞ്ചുറി (159*) നേടിയിരുന്നു.

ഹനുമ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജ തിരിച്ചെത്തുന്നത് ടീമിന് വലിയ ആത്മവിശ്വാസം നൽകും. കുറച്ചുകാലമായി എല്ലാ ഫോർമാറ്റിലും വിശ്വസ്തനായ ഓൾറൗണ്ടറാണ് ജഡേജ. ഒന്നാം ട്വന്റി 20 മത്സരത്തിൽ ഫീൽഡ് ചെയ്യുമ്പോൾ പരിക്കേറ്റതുകൊണ്ടാണ് ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്നത്. ജഡേജ വരുന്നതോടെ സ്പിൻ വിഭാഗത്തിൽ അശ്വിന് ഒരു കൂട്ടാകും. ഇതോടെ, മൂന്ന് പേസർമാർ അടക്കം അഞ്ച് ബൗളർമാരാകും. ഹനുമ വിഹാരി ഓൾറൗണ്ടറായിരുന്നെങ്കിലും ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ബൗൾ ചെയ്യേണ്ടിവന്നിട്ടില്ല.

മുഹമ്മദ് ഷമിയുടെ അഭാവം ടീമിനെ നന്നായി ബാധിക്കും. പേസർമാരായ മുഹമ്മദ് സിറാജോ നവ്ദീപ് സെയ്‌നിയോ ആയിരിക്കും പകരക്കാരൻ. ഏകദിന- ട്വന്റി 20 മത്സരങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാകാത്ത സെയ്‌നിയേക്കാൾ സാധ്യതയുണ്ട് സിറാജിന്.

content highlights: cricket