ആഡ്‌ലെയ്ഡ്: ഭാര്യയുടെ പ്രസവത്തിന്റെ ഭാഗമായി വിരാട് കോലി അവധിയിലേക്ക്, പരിക്കുകാരണം മുഹമ്മദ് ഷമിക്ക് കളിക്കാനാകില്ല. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ പരീക്ഷണം. ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസിന് പുറത്തായതിന്റെ നാണക്കേടിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രശ്നങ്ങൾ. 26 മുതൽ മെൽബണിലാണ് ‘ബോക്‌സിങ് ഡേ’ ടെസ്റ്റ്.

ആദ്യ ടെസ്റ്റിനിടെ പാറ്റ് കമ്മിൻസിന്റെ പന്ത് കൈയിൽക്കൊണ്ട് പരിക്കേറ്റ ഷമിക്ക് ശേഷിക്കുന്ന ടെസ്റ്റുകളിൽ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ഇനിയുള്ള മൂന്ന് ടെസ്റ്റുകളിൽ കോലിയുമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന്റെ കരുത്തായ രണ്ടുപേരുടെ അഭാവം എങ്ങനെ നികത്തണമെന്ന ആലോചനയിലാണ് ടീം മാനേജ്‌മെന്റ്. പുതുതായി ടീമിനൊപ്പം ചേർന്ന രോഹിത് ശർമ മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് കരുതുന്നു.

ഓപ്പണർ പൃഥ്വി ഷാ, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ എന്നിവരെയും മാറ്റാനിടയുണ്ട്. പകരം ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവരെ പരിഗണിക്കുന്നു. കോലിക്കുപകരം കെ.എൽ. രാഹുൽ ഇലവനിലെത്തും. ഷമിക്കുപകരം മുഹമ്മദ് സിറാജിനെ പരിഗണിക്കുന്നു. സിറാജ് ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല.