റിയോ ഡി ജനെയ്‌റോ: ക്രിക്കറ്റ് ആരാധകർക്ക് ലോകകപ്പുണ്ടെങ്കിൽ ഫുട്‌ബോൾ ആരാധകർക്കിതാ കോപ്പ അമേരിക്കൻ ഫുട്‌ബോൾ. ശനിയാഴ്ച രാവിലെ ആറിന് ആതിഥേയരായ ബ്രസീൽ ബൊളീവിയയെ നേരിടുന്നതോടെ തെക്കേയമേരിക്കൻ കളിയുത്സവത്തിന് തുടക്കമാകും. സാവോ പൗലോയിലാണ് ആദ്യമത്സരം.

മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. റിയോ ഡി ജനെയ്‌റോ, സാവോ പൗലോ, ബെലോ ഹൊറിസോണ്ട, പോർട്ടോ അലെഗ്രെ, സാൽവദോർ എന്നിവിടങ്ങളിലാണ് മത്സരം.

അർജന്റീന, യുറഗ്വായ്, കൊളംബിയ, ചിലി, പെറു, വെനസ്വേല. പാരഗ്വായ്, ഇക്വഡോർ എന്നിവരോടൊപ്പം ഏഷ്യയിൽനിന്ന് ജപ്പാൻ, ഖത്തർ ടീമുകളും ടൂർണമെന്റിൽ കളിക്കുന്നുണ്ട്.

പതിവ് തുടരാൻ ബ്രസീൽ

കോപ്പയിൽ ആതിഥ്യംവഹിച്ച വർഷങ്ങളിലെല്ലാം ചാമ്പ്യൻമാരായ ചരിത്രമുണ്ട് ബ്രസീലിന്. കോപ്പയുടെ ആദ്യരൂപമായ തെക്കേയമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ആതിഥ്യംവഹിച്ച 1917, 1922, 1949 വർഷങ്ങളിൽ മഞ്ഞപ്പട കിരീടമുയർത്തി. കോപ്പ അമേരിക്കയായതിനുശേഷം 1989-ൽ ആതിഥേയരായപ്പോഴും കിരീടം ബ്രസീൽ ആർക്കും വിട്ടുകൊടുത്തില്ല. അതിനുശേഷം വീണ്ടും ആതിഥ്യം വഹിക്കുമ്പോൾ കിരീടത്തിൽ കുറഞ്ഞതൊന്നും ടീം ലക്ഷ്യമിടുന്നില്ല,

സൂപ്പർ താരം നെയ്മറില്ലെങ്കിലും ടീം ശക്തമാണ്. ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ, ഫിലിപ്പ് കുടീന്യോ, വില്യൻ, റിച്ചാലിസൻ, ഡേവിഡ് നെരസ്, തിയാഗോ സിൽവ, മാർക്വീനോസ്, അലിസൺ, നായകൻ ഡാനി ആൽവ്‌സ് തുടങ്ങി വമ്പൻതാരങ്ങൾ ടീമിലുണ്ട്. 2007-നുശേഷം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.

വമ്പൻ പേരുകാരില്ലാതെയാണ് ബൊളീവിയയുടെ വരവ്. എഡ്വാർഡോ വില്ലെഗാസ് പരിശീലിപ്പിക്കുന്ന ടീമിന് അവസാനം കളിച്ച എട്ടു മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. പ്രതിരോധനിരക്കാരൻ മാർവിൻ ബെജറാനോയാണ് ടീമിനെ നയിക്കുന്നത്. മുന്നേറ്റനിരക്കാരൻ മാർസലോ മാർട്ടിനെസിന്റെ ബൂട്ടുകളിലാണ് ടീമിന്റെ പ്രതീക്ഷ. താരതമ്യേന പുതുനിരയുമായിട്ടാണ് ടീം കളിക്കാനെത്തിയിട്ടുള്ളത്.