പോർട്ടോ അലെഗ്രേ: അതിഥികളായെത്തി ആദ്യ ജയം കുറിക്കാമെന്ന മോഹം പൊലിഞ്ഞെങ്കിലും കോപ്പ അമേരിക്കയിൽ ജോറായി ജപ്പാൻ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ കരുത്തരായ യുറഗ്വായിയെ 2-2-ന് സമനിലയിൽ പിടിച്ചാണ് ജപ്പാൻ ഏഷ്യയുടെ അഭിമാനമായത്. കോജി മിയോഷി ഇരട്ട ഗോളുമായി ജപ്പാന്റെ പോരാട്ടം നയിച്ചപ്പോൾ സൂപ്പർ താരം ലൂയി സുവാരസിന്റെ പെനാൽട്ടി ഗോളും ഹോസെ ജിമിനെസിന്റെ ഗോളുമാണ് യുറഗ്വായിക്ക് സമനില സമ്മാനിച്ചത്. മത്സരത്തിൽ രണ്ടു വട്ടം ലീഡ് നേടിയ ശേഷമാണ് ജപ്പാൻ സമനില വഴങ്ങിയത്. സമനിലയോടെ രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയന്റുമായി യുറഗ്വായ് ക്വാർട്ടർ ഫൈനൽ ഏതാണ്ട് ഉറപ്പിച്ചു. ഇത്രയും മത്സരങ്ങളിൽ നിന്ന് ഒരു പോയന്റുള്ള ജപ്പാന് അവസാന മത്സരത്തിൽ ഇക്വഡോറിനെ തോൽപ്പിക്കാനായാൽ ക്വാർട്ടർ സാധ്യതയുണ്ട്.

ഉഗ്രനായി യുറഗ്വായ്

തുടക്കം മുതൽ ആക്രമണം എന്ന നയമായിരുന്നു 4-4-2 ശൈലിയിൽ അണിനിരന്ന യുറഗ്വായ്‌യുടെ പദ്ധതി. സൂപ്പർ താരങ്ങളായ ലൂയി സുവാരസും എഡിൻസൺ കവാനിയും ആക്രമണത്തിനിറങ്ങിയപ്പോൾ മധ്യനിരയിൽ നിക്കോളാസ് ലൊഡീറോയും റോഡ്രിഗോ ബെന്റാൻക്യൂറും കളിയൊഴുക്കി വിടുന്ന റോൾ ഭംഗിയാക്കി. മറുവശത്ത് 4-4-2 എന്ന ശൈലിയിൽ തന്നെ ഹിരോകി അബേയെയും ഷിൻജി ഒകസാക്കിയെയും മുൻനിർത്തിയായിരുന്നു ജപ്പാന്റെ കളി. മധ്യനിരയിൽ ജപ്പാൻ ചില വിടവുകൾ അനുവദിച്ചതോടെ തുടക്കം മുതൽ യുറഗ്വായ്‌യുടെ ആക്രമണങ്ങളായിരുന്നു. മത്സരത്തിൽ നേടിയ 29 ഷോട്ടുകളുടെ കണക്ക് യുറഗ്വായിയുടെ ആക്രമണ ഫുട്‌ബോളിന്റെ സാക്ഷ്യപത്രം തന്നെയായിരുന്നു.

കോജിയുടെ ഇരട്ടപ്രഹരം

കളിയുടെ ഒഴുക്കിന് വിപരീതമായി 25-ാം മിനിറ്റിൽ ജപ്പാനാണ് ആദ്യ ഗോളടിച്ചത്. ഷിബസാക്കിയിൽനിന്ന് കിട്ടിയ പന്തുമായി പലതു വിങ്ങിലൂടെ കുതിച്ച കോജി മിയോഷി അപാരമായ വേഗവും പന്തടക്കവും കാഴ്ചവെച്ചാണ് യുറഗ്വായ് ബോക്സിൽ കയറി പന്ത് മനോഹരമായി ഫിനിഷ് ചെയ്തത് (1-0). എഡിൻസൺ കവാനിയെ ജപ്പാൻ പ്രതിരോധ താരം നയോമിച്ച ഉയേഡ ഫൗൾ ചെയ്തെന്ന ‘വാർ’ വിധിയിലൂടെ കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് സുവാരസാണ് 32-ാം മിനിറ്റിൽ യുറഗ്വായിയെ സമനിലയിലെത്തിച്ചത്. 59-ാം മിനിറ്റിൽ സുന്ദരമായ ഗോളിലൂടെ മിയോഷി വീണ്ടും ജപ്പാനെ മുന്നിലെത്തിച്ചു. ഇടതുവിങ്ങിൽ നിന്നുള്ള ക്രോസ് ഗോളി മുസ്‌ലേര തട്ടിയകറ്റിയെങ്കിലും പന്തെത്തിയത് മിയോഷിയുടെ കാലുകളിലായിരുന്നു. തകർപ്പൻ ഷോട്ടോടെ മിയോഷി വലകുലുക്കി (2-1). എന്നാൽ, ജപ്പാന്റെ ആഹ്ലാദം ഏഴു മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. 66-ാം മിനിറ്റിൽ ലോഡീറോ എടുത്ത കോർണർകിക്കിൽ നിന്ന് സുന്ദരമായ ഹെഡറിലൂടെ ജിമിനെസ് യുറഗ്വായിയെ സമനിലയുടെ തീരത്തെത്തിച്ചു (2-2).