സൂപ്പർതാരങ്ങൾ നിറഞ്ഞതായിരുന്നു എക്കാലത്തും ബ്രസീൽ ഫുട്‌ബോൾ ടീം. തന്ത്രങ്ങൾ മെനയുന്നതിനൊപ്പം വമ്പൻതാരങ്ങളെ ഒത്തിണക്കത്തോടെ അണിനിരത്തുകയെന്നതും പരിശീലകന്റെ വലിയ ദൗത്യമായിരുന്നു. അതിൽ വിജയിച്ചവർക്ക് കളത്തിൽ ഏറെ വെട്ടിപ്പിടിക്കാൻ കഴിഞ്ഞു.

വർത്തമാനകാല ബ്രസീൽ ഫുട്‌ബോളിലെ കഥയിൽ അല്പം മാറ്റമുണ്ട്. അവിടെ ഒരേയൊരു രാജാവേയുള്ളൂ. അഡെനോർ ലിയനാർഡോ ബാഷി എന്ന ടിറ്റെ. വ്യക്തിഗത മികവിനെ ടീം ഗെയിമിലേക്ക് ഒന്നാന്തരമായി ആവാഹിക്കാൻ ശേഷിയുള്ള കർക്കശക്കാരനായ പരിശീലകൻ. ദുംഗയുടെയും മനോ മെനെസസിന്റെയും കാലത്ത് അലകും പിടിയും പോയ ബ്രസീൽ ടീമിനെ കളിയഴകും വിജയതൃഷ്ണയും ചേർത്തുവെച്ച് ടീമാക്കി മാറ്റിയത് പഴയകാല മധ്യനിരതാരമായ ടിറ്റെയാണ്. കോപ്പ തുടങ്ങാനിരിക്കെ നെയ്മറെന്ന സൂപ്പർ താരം വീണുപോയിട്ടും ബ്രസീൽ ടീമും ആരാധകരും വിറകൊള്ളാത്തത് ടിറ്റെ വളർത്തിയെടുത്ത ടീമിലുള്ള വിശ്വാസം കൊണ്ടാണ്.

സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് ബ്രസീലിന് നൽകിയത് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തമാണ്. കോപ്പ അമേരിക്ക ഫുട്‌ബോളിന് ആതിഥ്യം വഹിക്കുമ്പോൾ കിരീടജയത്തോടെ ഒരു മറവിയാണ് ബ്രസീലിയൻ ജനത ആഗ്രഹിക്കുന്നത്.

സന്തുലിതമാണ് ബ്രസീൽ നിര. എല്ലാ പൊസിഷനിലും മികച്ച ഒന്നിലധികം താരങ്ങൾ. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയത്തിനെതിരെ തോൽവിക്ക് കാരണം കാസെമിറോയെന്ന ഡിഫൻസീവ് മിഡ്ഫീൽഡർഡർക്ക് പകരക്കാരനില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ടിറ്റെ ബാക്കിയുള്ള കാലം ടീമിനെ കെട്ടിപ്പടുക്കാൻ ഉപയോഗിച്ചതെന്ന് കളിക്കാരെ തിരഞ്ഞെടുത്തതിൽ അറിയാം.

അടുത്ത കാലത്ത് 4-2-3-1 ശൈലിയിലാണ് ബ്രസീൽ കളിക്കുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമിറോ ഫെർണാണ്ടീന്യോ എന്നിവർക്കൊപ്പം അർതറെയും അലനെയും ടിറ്റെ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിഫൻസീവ് മിഡിലും അറ്റാക്കിങ് മിഡിലും താരങ്ങളുടെ സമ്പത്താണ് പരിശീലകനെ സന്തോഷിപ്പിക്കുന്നത്. ഫിലിപ്പ് കുടീന്യോയ്ക്കൊപ്പം ലൂക്കാസ് പക്വിറ്റയും അറ്റാക്കിങ് മിഡ്ഫീൽഡിലുണ്ട്. ആവശ്യമെങ്കിൽ അർതറിനെയും ഉപയോഗിക്കാം.

വിങ്ങർമാരായി റിച്ചാലിസൻ, ഡേവിഡ് നെരസ്, എവർട്ടൻ,വില്യൻ എന്നിവരുണ്ട്. 4-3-3 ശൈലിയിലാണെങ്കിൽ കുടീന്യോയുമുണ്ട്. സാധ്യതാ ഇലവനിൽ അലിസൺ ഗോൾ കീപ്പറാകുമ്പോൾ നായകൻ ഡാനി ആൽവ്‌സും ഫിലിപ്പ് ലൂയിസും വിങ് ബാക്കുകളാകും. മാർക്വിനോസും മിറാൻഡയും സെൻട്രൽ ഡിഫൻസിലുണ്ടാകും. കാസെമിറോ-അർതർ സഖ്യം ഡിഫൻസീവ് മിഡ്ഫിൽഡിലും കുടീന്യോ-നെരസ്-റിച്ചാലിസൻ ത്രയം അറ്റാക്കിങ് മിഡിലും വരും. ഗബ്രിയേൽ ജീസസ് ഏക സ്‌ട്രൈക്കറാകും. 4-3-3 ശൈലിയാണെങ്കിൽ കുടീന്യോ-ജീസസ്-റിച്ചാലിസൻ ത്രയം ആക്രമണത്തിലും കാസെമിറോ-അർതർ-പക്വിറ്റ ത്രയം മധ്യനിരയിലുമുണ്ടാകും.

ഗ്രൂപ്പ് എയിൽ വലിയ എതിരാളികൾ ബ്രസീലിനില്ല. ബൊളീവിയ, പെറു, വെനസ്വേല ടീമുകളാണ് എ ഗ്രൂപ്പിൽ ഒപ്പമുള്ളത്. 2007-ന് ശേഷം കിരീടം ലക്ഷ്യമിടുന്ന ടീമിന്റെ ആദ്യമത്സരം ജൂൺ 15-ന് പുലർച്ചെ ആറു മണിക്കാണ്.

Content Highlights: copa america 2019, brazil coach tite