അഡ്‌ലെയ്ഡ്: ക്ഷമ ആടിന്റെ സൂപ്പിന്റെ ബലം ചെയ്യുമെന്നാണ് ചൊല്ല്. അഡ്‌ലെയ്ഡിൽ ഒാസ്‌ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുമ്പോൾ ചേതേശ്വർ പുജാരയുടെ മനസ്സിലൂടെ ഈ ചൊല്ല് നിരവധിതവണ കടന്നുപോയിട്ടുണ്ടാകും. മൂന്നാം നമ്പറിലിറങ്ങി ക്ഷമയോടെ ബാറ്റുചെയ്ത് പുജാര (123) സെഞ്ചുറി കുറിച്ചപ്പോൾ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ മുഖംരക്ഷിച്ചു. ടോസ് ജയിച്ച് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യദിനം കളിയവസാനിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. ആറു റൺസുമായി മുഹമ്മദ് ഷമിയാണ് ക്രീസിൽ. ബാറ്റുചെയ്യാൻ ബാക്കിയുള്ളത് ജസ്‌പ്രീത് ബുംറ മാത്രം.

പറന്നുയർന്ന് ഖവാജ

41 റൺസെടുക്കുന്നതിനിടയിൽ നാലു മുൻനിര ബാറ്റ്‌സ്‌മാൻമാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലു വിക്കറ്റും വീണത് നാലാം സ്ലിപ്പിനും വിക്കറ്റ് കീപ്പറിനുമിടയിൽ. ലോകേഷ് രാഹുൽ (2), മുരളി വിജയ് (11), വിരാട് കോലി (3), അജിൻക്യ രഹാനെ (13) എന്നിവർക്ക് ഓസീസ് ബൗളർമാർക്കുമുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

മൂന്നാമനായി കോലിയെ പുറത്താക്കാൻ ഉസ്മാൻ ഖവാജയെടുത്ത ക്യാച്ചാണ് ആദ്യദിനത്തെ ഹൈലൈറ്റ്. പതിനൊന്നാം ഓവറിന്റെ മൂന്നാം പന്ത്. വൈഡായെത്തിയ പന്തിന് കോലി ബാറ്റുവെച്ചു. എഡ്ജിൽ തട്ടിയ പന്ത് മറ്റേത് ദിനമായിരുന്നെങ്കിലും തേർഡ് മാനിലൂടെ ബൗണ്ടറി കടക്കുമായിരുന്നു. എന്നാൽ, ഖവാജയുടെ ഇടത്തേ ഭാഗത്തേക്കുള്ള പറക്കൽ കോലിയുടെ കണക്ക് തെറ്റിച്ചു. തന്റെ ഇടംകൈകൊണ്ട് കോലിയെ ഖവാജ പിടിച്ചു. ഖവാജയെ അഭിനന്ദിക്കാൻ ഓടിക്കൂടിയ താരങ്ങളുടെ മുഖത്തെ ഭാവങ്ങളിലുണ്ടായിരുന്നു ആ ക്യാച്ചിന്റെ മനോഹാരിത.

രോഹിത്, ആ ഷോട്ട് വേണ്ടായിരുന്നു!

അഞ്ചാം വിക്കറ്റിൽ രോഹിത് ശർമയും (37) പുജാരയും അതിജീവിക്കുകയായിരുന്നു. എന്നാൽ, 38-ാം ഓവറിൽ രോഹിതിന്റെ അനാവശ്യ ഷോട്ട് ടീമിനെ പ്രതിരോധത്തിലെത്തിച്ചു. ലയണെറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിനെ രോഹിത് ഡീപ് സ്‌ക്വയറിലേക്ക് സിക്സിന് പറത്തി. ആ സിക്സിന്റെ ആവേശത്തിൽ രോഹിത് അടുത്തപന്തിനെയും അതേഭാഗത്തേക്ക് ഉയർത്തി. എന്നാൽ, ഇത്തവണ പന്ത് അതിർത്തികടന്നില്ല. പന്ത് അരങ്ങേറ്റക്കാരൻ ഹാരിസ് കൈപ്പിടിയിലൊതുക്കി.

മുതലെടുക്കാതെ പന്തും അശ്വിനും

ആറാം വിക്കറ്റിൽ ഋഷഭ് പന്തിനെയും (25) ഏഴാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനെയും ചേർത്ത് (25) പുജാര രക്ഷാപ്രവർത്തനം നടത്തി. പന്തിനൊപ്പം 41 റൺസിന്റെയും അശ്വിനൊപ്പം 61 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കാൻ പുജാരയ്ക്കായി. മോശം പന്തുകളെ തിരഞ്ഞുപിടിച്ചായിരുന്നു പുജാരയുടെ റൺസ് കണ്ടെത്തൽ. പന്തിനും അശ്വിനും കിട്ടിയ മികച്ച തുടക്കം മുതലാക്കാൻ സാധിക്കാതെവന്നതോടെ ഇന്ത്യ പെട്ടെന്ന് ഓൾ ഔട്ടാകുമോ എന്നു തോന്നിച്ചു.

വാൽപൊക്കി

പുജാരയ്ക്ക് കൂട്ടുനിൽക്കുക എന്ന ദൗത്യം ഇഷാന്ത് ശർമയും (4), മുഹമ്മദ് ഷമിയും നിറവേറ്റി. ഇരുവരെയും സ്‌ട്രൈക്കിൽനിന്ന് അകറ്റിയ പുജാര തന്റെ പതിനാറാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തി. സ്‌ട്രൈക്ക് കിട്ടിയ സമയത്തൊക്കെ പന്തിനെ പ്രതിരോധിക്കാനും ഇരുവർക്കുമായി. 88-ാം ഓവറിന്റെ അഞ്ചാം പന്തിൽ ഇല്ലാത്ത സിംഗിളിനായി ഓടിയ പുജാരയെ ഡയറക്ട് ത്രോയിലൂടെ കമ്മിൻസ് റണ്ണൗട്ടാക്കി. ഇതോടെ അമ്പയർമാർ ആദ്യദിവസത്തെ കളി അവസാനിപ്പിച്ചു. 246 പന്തുകളിൽ ഏഴു ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു പുജാരയുടെ ഇന്നിങ്‌സ്.

കാത്തിരിക്കാം

രണ്ടാം ദിനം ഷമിയും ബുംറയും അത്ഭുതങ്ങളൊന്നും കാണിച്ചില്ലെങ്കിൽ തുടക്കത്തിൽതന്നെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിക്കും. എങ്കിലും കിട്ടുന്ന റൺസ് ബോണസ് എന്നതരത്തിൽ ആക്രമിച്ച് കളിക്കാനായിരിക്കും ഇവരുടെ പ്ലാൻ. വേഗത്തിൽ തീർന്നാൽ രാവിലെ പിച്ചിൽനിന്ന് കിട്ടുന്ന ഈർപ്പം മുതലെടുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിക്കും. 250 റൺസെന്നത് അഡ്‌ലെയ്ഡിൽ പേസ് പിച്ചിൽ പൊരുതാൻ പ്രാപ്തരാക്കുന്ന സ്കോറാണ്. ഓസീസ് പേസർമാർക്ക് കിട്ടിയ ആനുകൂല്യം ഇന്ത്യൻ നിരയ്ക്കും ലഭിച്ചാൽ ആതിഥേയരെ ഒന്നാമിന്നിങ്‌സിൽ പിടിച്ചുകെട്ടാൻ സാധിക്കും.