അബുദാബി: പഞ്ചാബിന്റെ തുടക്കവും ഒടുക്കവും പാളി. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ തുടർച്ചയായ അഞ്ചു വിജയങ്ങളിലൂടെ പഞ്ചാബ് ജ്വലിപ്പിച്ചെടുത്ത പ്രതീക്ഷകൾ രണ്ട് തുടർതോൽവികളിലൂടെ അണഞ്ഞു. ഞായറാഴ്ച ചെന്നൈ സൂപ്പർകിങ്‌സിനോട് ഒമ്പതുവിക്കറ്റിന് തോറ്റതോടെ കിങ്‌സ് ഇലവൻ പഞ്ചാബ് നോക്കൗട്ട് കാണാതെ മടങ്ങി. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറിൽ ആറിന് 153 റൺസെടുത്തപ്പോൾ ചെന്നൈ ഏഴ് പന്ത് ബാക്കിനിൽക്കേ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ആദ്യ ഏഴ് കളികളിൽ ഒന്നുമാത്രം ജയിച്ച പഞ്ചാബ് പിന്നീട് തുടർജയങ്ങളോടെ തിരിച്ചുവരികയായിരുന്നു. പക്ഷേ, കഴിഞ്ഞ കളിയിൽ രാജസ്ഥാനോടും തോറ്റു. പ്ലേ ഓഫ് കാണാതെ നേരത്തേ പുറത്തായ ചെന്നൈക്ക് തുടർച്ചയായ രണ്ടാം ജയമാണിത്.

ഞായറാഴ്ച ജയിച്ചാൽ പ്ലേ ഓഫ് എന്ന നിലയിൽ അമിത സമ്മർദത്തിലായ പഞ്ചാബിന് ഒരു ഘട്ടത്തിലും ചെന്നൈയ്ക്കുമേൽ ആധിപത്യം നേടാനായില്ല. ആറാമനായ ദീപക് ഹൂഡ (30 പന്തിൽ 62*)യുടെ ചെറുത്തുനിൽപ്പാണ് സ്കോർ 153-ലെത്തിച്ചത്. കെ.എൽ. രാഹുൽ (27 പന്തിൽ 29), മായങ്ക് അഗർവാൾ (15 പന്തിൽ 26) എന്നിവർ ഓപ്പണിങ് വിക്കറ്റിൽ 48 റൺസടിച്ചെങ്കിലും ഇരുവരെയും ലുങ്കി എൻഗീഡി ക്ലീൻബൗൾ ചെയ്തതോടെ സ്കോറിങ് വേഗം നന്നേ കുറഞ്ഞു. ക്രിസ് ഗെയ്ൽ 19 പന്തിൽ 12 റൺസെടുത്തു. മൂന്നു ഫോറും നാലു സിക്സും അടിച്ച ഹൂഡയുടെ മികവിൽ അവസാന അഞ്ച് ഓവറിൽ 58 റൺസെടുത്തു. എൻഗീഡി 39 റൺസിന് മൂന്നുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഋതുരാജ് ഗെയ്ക്‌വാദ് (49 പന്തിൽ 62*), ഫാഫ് ഡുപ്ലെസി (34 പന്തിൽ 48) എന്നിവർ ഓപ്പണിങ് വിക്കറ്റിൽ 82 റൺസെടുത്തതോടെ ചെന്നൈയുടെ ജയം അനായാസമായി. അമ്പാട്ടി റായുഡു 30 റൺസുമായി പുറത്താകാതെ നിന്നു. ഋതുരാജിന് തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണിത്.

സ്കോർബോർഡ്

ടോസ്: ചെന്നൈ

പഞ്ചാബ് 20 ഓവറിൽ ആറിന് 153

ദീപക് ഹൂഡ 62* (30)

കെ.എൽ. രാഹുൽ 29 (27)

മായങ്ക് അഗർവാൾ 26 (15)

ബൗളിങ്:

ലുങ്കി എൻഗീഡി 4-0-39-3

ഇമ്രാൻ താഹിർ 4-0-24-1

ശാർദൂൽ ഠാക്കൂർ 4-0-27-1

ചെന്നൈ സൂപ്പർകിങ്‌സ് 18.5 ഓവറിൽ ഒരുവിക്കറ്റിന് 154

ഋതുരാജ് 62* (49)

ഡുപ്ലെസി 48 (34)

അമ്പാട്ടി റായുഡു 30* (30)

ബൗളിങ്:

മുരുഗൻ അശ്വിൻ 4-0-17-0

ഷമി 4-0-29-0

നീഷാം 3-0-26-0

content highlights: chennai super kings beats kings eleven punjab C