അജിൻക്യ രഹാനെയുടെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ച് ക്രിക്കറ്റ് പണ്ഡിതർ. 11-ാം ഓവറിൽ ആർ. അശ്വിനെ പന്ത് ഏൽപ്പിച്ചതുതൊട്ട് രഹാനെ വ്യത്യസ്ത തീരുമാനങ്ങളെടുത്തു. ഫീൽഡ് സെറ്റിങ്ങിലും തന്ത്രപരമായ നീക്കങ്ങൾ നടത്തി. ഒപ്പം, ഫീൽഡിലെ ശാന്തമായ പെരുമാറ്റത്തെയും ആളുകൾ എടുത്തുപറഞ്ഞു.

സാധാരണയായി ടെസ്റ്റിൽ ആദ്യ ചേഞ്ച് ബൗളറായി പേസറെ തന്നെയാണ് കൊണ്ടുവരാറുള്ളത്. എന്നാൽ പിച്ചിൽ നേരിയ ഈർപ്പമുള്ളത് അശ്വിന് ഗുണംചെയ്യും എന്ന കണക്കുകൂട്ടലിലാണ് രഹാനെ 11-ാം ഓവർ അശ്വിന് നൽകിയത്. ആ തീരുമാനം ഗുണം ചെയ്തു. തന്റെ രണ്ടാം ഓവറിൽ അശ്വിൻ മാത്യു വെയ്ഡിനെ (30) മടക്കി. പിന്നത്തെ ഓവറിൽ, ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്‌സ്മാൻ സ്റ്റീവൻ സ്മിത്തിനെ (0) അക്കൗണ്ട് തുറക്കുംമുമ്പ് മടക്കി.

ബൗളർമാരെക്കൊണ്ട് നീണ്ട സ്പെല്ലുകൾ എറിയിച്ചു. ബുംറ ആദ്യ സ്പെല്ലിൽ അഞ്ച് ഓവറും ഉമേഷ് യാദവ് ആറ് ഓവറും ബൗൾ ചെയ്തു. അശ്വിൻ തുടർച്ചായി 12 ഓവർ എറിഞ്ഞു.

കോലി സാധാരണയായി ചെറിയ സ്പെല്ലുകളാണ് എറിയിക്കാറുള്ളത്, വിക്കറ്റ് കിട്ടാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. ടിം പെയ്‌നിന്റെ റൺഔട്ട് നൽകാതിരുന്നത് വിവാദമായെങ്കിലും അതിനെ രഹാനെ ശാന്തനായി നേരിട്ടു.