സിഡ്‌നി: ലോകക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ‘പന്തുചുരണ്ടൽ’ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആ സംഭവത്തിലെ പ്രതിനായകൻ കാമറൂൺ ബാൻക്രോഫ്റ്റ്. പന്തുചുരണ്ടുന്നതിനെപ്പറ്റി ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നെന്ന് ശനിയാഴ്ച ബാൻക്രോഫ്റ്റ് പറഞ്ഞു. ഇതോടെ, സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു.

2018-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെയാണ് ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചത്. ആ സംഭവം ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ വലിയ പ്രതിസന്ധിയുണ്ടാക്കി. ലോകോത്തര പേസ് ബൗളർമാരായ മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, സ്പിന്നർ നേതൻ ലയൺ എന്നിവരാണ് അന്ന് ഓസ്‌ട്രേലിയൻ ടീമിലുണ്ടായിരുന്ന ബൗളർമാർ.

‘‘ഞാൻ ബൗളർമാർക്കുവേണ്ടിയാണ് ആ സാഹസം ചെയ്തത്. സ്വാഭാവികമായും അവർക്കെല്ലാം അതേക്കുറിച്ച് അറിയാമായിരുന്നു. അത് പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ല. അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുമ്പോൾ ടീമിലെ എല്ലാവരുടെയും ഇഷ്ടം സമ്പാദിക്കുക, അതുവഴി ടീമിൽ എന്റെ പ്രാധാന്യം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, കളിക്കാരൻ എന്നനിലയിൽ എനിക്ക്‌ നഷ്ടമാകുന്ന ധാർമികതയെപ്പറ്റി വേണ്ടത്ര ആലോചിച്ചില്ല. അത് എന്റെ തെറ്റാണ്. അതിൽനിന്ന് ഞാൻ ഏറെ പാഠങ്ങൾ പഠിച്ചു.’’ -ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. അതേക്കുറിച്ച് എല്ലാ വിവരങ്ങളും തുറന്നുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് ആരും ഞങ്ങളുടെ അന്വേഷണത്തെക്കുറിച്ച് സംശയം ഉന്നിയിച്ചിട്ടില്ല. പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിൽ വീണ്ടും അന്വേഷണം നടക്കും -ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

പന്തുചുരണ്ടൽ വിവാദം

2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിടെയാണ് മത്സരഫലം അനുകൂലമാക്കാൻ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടിയത്. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം ചുരണ്ടുകയായിരുന്നു. സംഭവം ടി.വി. ക്യാമറയിൽ പതിഞ്ഞതിനാൽ കൈയോടെ പിടിക്കപ്പെട്ടു. സംഭവത്തിൽ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്കുകിട്ടി. കോച്ച് ഡാരൻ ലേമാന് സ്ഥാനം നഷ്ടമായി.

സ്മിത്തും വാർണറും ഒരു വർഷത്തിനുശേഷം ടീമിൽ തിരിച്ചെത്തി. ബാൻക്രോഫ്റ്റ് ഇപ്പോൾ ഇംഗ്ലീഷ് കൗണ്ടിയിൽ ഡുറാം ക്ലബ്ബിനുവേണ്ടി കളിക്കുന്നു.

content highlights: Cameron Bancroft ball tampering