നാറ്റല്‍: 2018 ഫിഫ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ ബൊളീവിയയെ ബ്രസീല്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് (5-0) തകര്‍ത്തു. അതേസമയം അര്‍ജന്റീന പെറുവിനോട് സമനിലവഴങ്ങി (2-2). പോയന്റ് പട്ടികയില്‍ മുന്നിലുള്ള ഉറുഗ്വായ് വെനസ്വേലയെ തോല്‍പ്പിച്ച് (3-0) ആധിപത്യം തുടര്‍ന്നപ്പോള്‍ കൊളംബിയ പാരഗ്വായെ ഒരു ഗോളിന് തോല്‍പ്പിച്ചു.

ഒരു ഗോളടിക്കുകയും രണ്ടു ഗോളിന് വഴിതുറക്കുകയും ചെയ്ത നെയ്മറാണ് ബ്രസീല്‍ വിജയത്തിലെ ഹീറോ. എന്നാല്‍, 65-ാം മിനിറ്റില്‍ ബൊളീവിയന്‍ താരം യസ്മാനി ഡൂക്കിന്റെ കൈമുട്ടുകൊണ്ടുള്ള ഇടിയേറ്റ് മുഖത്ത് സാരമായി പരിക്കേറ്റ നെയ്മര്‍ വൈകാതെ കളിക്കളം വിട്ടു. മുഖത്തുനിന്ന് ചോരയൊലിപ്പിച്ചുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. നെയ്മര്‍ (10), കുടീന്യോ (25), ഫിലിപ്പെ ലൂയിസ് (38), ഗബ്രിയേല്‍ ജീസസ് (43), ഫിര്‍മിനോ (75) എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.
പരിക്കിലുള്ള മെസ്സിയുടെ അഭാവത്തില്‍ പെറുവിനെ നേരിടാനിറങ്ങിയ അര്‍ജന്റീന രണ്ടുവട്ടം മുന്നില്‍ക്കടന്നശേഷമാണ് സമനിലവഴങ്ങിയത്. അര്‍ജന്റീനയ്ക്കുവേണ്ടി റാമിറോ ഫ്യൂനസ് (15), ഹിഗ്വെയ്ന്‍ (77) എന്നിവര്‍ ഗോളടിച്ചപ്പോള്‍ പൗലോ ഗുറോറോ (58), ക്രിസ്റ്റ്യന്‍ ക്യൂവ (പെനാല്‍ട്ടി-84) എന്നിവര്‍ പെറുവിനായി ലക്ഷ്യംകണ്ടു. എഡിന്‍സന്‍ കവാനിയും (46, 79), നിക്കോളാസ് ലൊഡേറോ(29)യുമാണ് ഉറുഗ്വായ്ക്ക് ജയം സമ്മാനിച്ചത്.
സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പത്താം മിനിറ്റില്‍ നെയ്മറുടെ ഗോളോടെ ബ്രസീല്‍ മുന്നിലെത്തി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നെയ്മറുടെ 49-ാം ഗോള്‍. ഇതോടെ സീക്കോയെ (48 ഗോള്‍) മറികടന്ന് രാജ്യത്തിനുവേണ്ടി ഗോള്‍ നേടിയവരില്‍ നെയ്മര്‍ നാലാമനായി. പെലെ (77), റൊണാള്‍ഡോ (62), റൊമാരിയോ (55) എന്നിവരാണ് മുന്നിലുള്ളത്.

കോപ്പ അമേരിക്ക ഫുട്‌ബോളിനുശേഷം പരിശീലകനായി എത്തിയ ടിറ്റെയ്ക്കുകീഴില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം വിജയംകൂടിയാണിത്. യോഗ്യതാ റൗണ്ടില്‍ ഇതുവരെ വിജയം കാണാത്ത വെനസ്വേലയ്‌ക്കെതിരെ, ചൊവ്വാഴ്ചയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
അര്‍ജന്റീനയ്ക്ക് പെറുവിനെതിരായ സമനില തിരിച്ചടിയായി. ഹിഗ്വെയ്‌ന്റെ ഗോളിലൂടെ 2-1ന് മുന്നിലെത്തിയ അര്‍ജന്റീനയ്ക്ക്, കളിയുടെ അവസാനഘട്ടത്തില്‍ റൊമിറോ ഫ്യുനെസിന്റെ ഫൗള്‍ വിനയായി. പെനാല്‍ട്ടി വിധിക്കപ്പെട്ടതോടെ പെറു 2-2 സമനില പിടിച്ചു. ചൊവ്വാഴ്ച പാരഗ്വായ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്തമത്സരം.

ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒമ്പതു റൗണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ആറു ജയവും ഒരു സമനിലയുമടക്കം 19 പോയന്റുള്ള ഉറുഗ്വായ് തന്നെ മുന്നില്‍. അഞ്ചു ജയവും മൂന്ന് സമനിലയുമുള്ള ബ്രസീല്‍ (18) രണ്ടാമതും അഞ്ചു ജയവും ഒരു സമനിലയുമുള്ള (16) ഇക്വഡോര്‍ മൂന്നാമതും ഇത്രതന്നെ പോയന്റുള്ള കൊളംബിയ നാലാമതും നില്ക്കുന്നു. നാലു ജയവും നാലു സമനിലയുമായി (16) അര്‍ജന്റീന അഞ്ചാമതാണ്.