റിയോ ഡി ജനൈറോ: ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവുകാട്ടി നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ സെമിഫൈനലിൽ കടന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പത്തുപേരായി ചുരുങ്ങിയിട്ടും ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ചിലിയെ കീഴടക്കി (1-0). പകരക്കാരൻ ലൂക്കാസ് പാക്വേറ്റ (46) വിജയഗോൾ നേടി. സെമിയിൽ പെറുവാണ് എതിരാളി.

48-ാം മിനിറ്റിൽ ബ്രസീൽ താരം ഗബ്രിയേൽ ജെസ്യൂസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. യുഡെനിയോ മെനെക്കെതിരായ ഫൗളിലാണ് കാർഡ് കിട്ടിയത്. ഇതോടെ ആൾബലം കുറഞ്ഞ ബ്രസീൽ പ്രതിരോധം ശക്തമാക്കി. നെയ്മറെ ആക്രമണത്തിന് നിയോഗിച്ച് മറ്റുതാരങ്ങൾക്ക് പ്രതിരോധത്തിന്റെ ചുമതല നൽകിയുള്ള ഗെയിംപ്ലാനാണ് ടിറ്റെ നടപ്പാക്കിയത്.

ആദ്യപകുതിയിൽ മികച്ച ആക്രമണങ്ങൾ സംഘടിപ്പിച്ച ബ്രസീൽ രണ്ടുതവണ ഗോളിനടുത്തെത്തി. എന്നാൽ, നെയ്മറിനും ജെസ്യൂസിനും ലക്ഷ്യംകണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ ഫിർമിനോയുടെ പകരക്കാരനായെത്തിയ ലൂക്കാസ് പാക്വേറ്റ സ്‌കോർ ചെയ്തു. നെയ്മർ ബോക്‌സിലേക്ക് നൽകിയ പന്തിനെ ക്ലിയർ ചെയ്യാനുള്ള ചിലി പ്രതിരോധനിരക്കാരന്റെ ശ്രമം പരാജയപ്പെട്ടു. ഇതിനിടെ പന്ത് ലഭിച്ച പാക്വേറ്റ മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ചിലിയുടെ ബെൻ ബ്രെരട്ടന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങി. എഡ്വാർഡോ വർഗാസിന്റെ ഷോട്ട് ബ്രസീൽ ഗോളി രക്ഷപ്പെടുത്തി.

ഷൂട്ടൗട്ടിൽ പെറു

ബ്രസീലിയ: സഡൻഡെത്തിൽ പാരഗ്വായെ കീഴടക്കി പെറു കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ സെമിഫൈനലിൽ കടന്നു (4-3). നിശ്ചിതസമയത്ത് ഇരുടീമുകളും (3-3) സമനിലപാലിച്ചു.

ഷൂട്ടൗട്ടിൽ ആദ്യ അഞ്ചു കിക്കുകൾ പൂർത്തിയായപ്പോൾ ഇരുടീമുകളും 3-3ന് തുല്യതയിലായി. പെറുവിനായി ജിയാൻ ലുക്ക ലപാഡുല, യോഷിമിർ യോട്ടിൻ, റെനാറ്റോ ടാപിയ എന്നിവർ ലക്ഷ്യംകണ്ടു. ജിയൻ ലുക്ക ഒർമെനോ, ക്രിസ്റ്റ്യൻ ക്യൂവ എന്നിവർ കിക്ക് പാഴാക്കി. പാരഗ്വാക്കായി എയ്ഞ്ചൽ റൊമേറോ, ജൂനിയർ അലോൻസോ, പിറിസ് ഡാ മോട്ട എന്നിവർ സ്‌കോർ ചെയ്തു. ഹെക്ടർ മാർട്ടിനെസും ബ്രയാൻ സമുദിയോയും കിക്ക് പാഴാക്കി. സഡൻ ഡെത്തിൽ മിഗ്വൽ ട്രൗക്കോ പെറുവിനായി ലക്ഷ്യംകണ്ടു. പാരഗ്വായുടെ അൽബർട്ടോ എസ്പിനോളയുടെ കിക്ക് പെഡ്രോ ഗാലസ് രക്ഷപ്പെടുത്തി. നിശ്ചിതസമയത്ത് പെറുവിനായി ജിയാൻ ലുക്ക ലപാഡുല, യോഷിമിർ യോട്ടിൻ എന്നിവർ ഗോൾ നേടി. ഗുസ്താവോ ഗോമസിന്റെ സെൽഫ് ഗോളും ലഭിച്ചു. പാരഗ്വാക്കായി ഗുസ്താവോ ഗോമസ്, ജൂനിയർ അലോൻസോ, ഗബ്രിയേൽ അവാലോസ് എന്നിവർ സ്‌കോർ ചെയ്തു. പെറുവിന്റെ ആന്ദ്രെ കാരില്ലോയും പാരഗ്വായുടെ ഗുസ്താവോ ഗോമസും ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.