ന്യൂ‍ഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കൊസോവോയിൽനിന്നുള്ള ബോക്സർക്ക് ഇന്ത്യ വിസനിഷേധിച്ചു. കൊസോവോയെ ഇന്ത്യ പരമാധികാര രാജ്യമായി അംഗീകരിക്കാത്തതാണ് കാരണം. എന്നാൽ, ഇന്ത്യയുടെ നടപടിയിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ശക്തമായി പ്രതിഷേധിച്ചു. ഭാവിയിൽ ഒളിമ്പിക്സും ഏഷ്യൻ ഗെയിംസും പോലുള്ള വൻ കായികസംഭവങ്ങൾക്ക് ആതിഥേയരാവാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചേക്കില്ലെന്ന് ഒളിമ്പിക് കൗൺസിൽ മുന്നറിയിപ്പ് നൽകി.

ഇന്റർനാഷണൽ ബോക്സിങ് ഫെഡറേഷന്റെ കീഴിലുള്ള 72 രാജ്യങ്ങളാണ് ന്യൂഡൽഹിയിൽ നടക്കുന്ന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ബോക്സർ ദോൻജേതാ സാദിക്കുവിനും രണ്ടു പരിശീലകർക്കുമാണ് ഇന്ത്യ വിസ നിഷേധിച്ചത്. ഇന്ത്യയുടെ നടപടി ഒളിമ്പിക് ഉടമ്പടിക്കും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രയ്ക്കും അയച്ച കത്തിൽ കൗൺസിൽ മേധാവി ഷെയ്ഖ് അഹമ്മദ് അൽ ഫഹദ് അൽ സബാ വ്യക്തമാക്കി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഇന്ത്യ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.

2008-ലാണ് സെർബിയയിൽനിന്ന് റിപ്പബ്ലിക് ഓഫ് കൊസോവോ സ്വതന്ത്രമാകുന്നത്. റഷ്യയും സ്പെയിനും അടക്കമുള്ള രാജ്യങ്ങൾ കൊസോവോയെ അംഗീകരിച്ചിട്ടില്ല. എന്നാൽ, കൊസോവോ അത്‌ലറ്റുകൾക്കുള്ള വിലക്ക് സ്പെയിൻ നീക്കിയകാര്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു. അർഹരായ കായികതാരങ്ങളെ പങ്കെടുപ്പിക്കാൻ ഒളിമ്പിക് ഉടമ്പടിപ്രകാരം ഇന്ത്യ ബാധ്യസ്ഥമാണെന്ന് അൽ സബാ പറയുന്നു.

2032-ലെ ഒളിമ്പിക്സിനും 2030-ലെ ഏഷ്യൻ ഗെയിംസിനും ആതിഥേയരാവാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രതിഷേധം തിരിച്ചടിയാവും.