ന്യൂഡൽഹി: ബോക്സിങ് താരവും രാജ്യസഭാംഗവുമായ മേരി കോം കൊറോണ പ്രതിരോധത്തിൽ വേണ്ടത്ര മുൻകരുതലെടുത്തില്ലെന്ന് പരാതി. സ്വയം ഏകാന്തവാസം പാലിക്കേണ്ട സമയത്ത് മേരി കോം രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.

ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി മാർച്ച് ആദ്യം ജോർദാനിൽനടന്ന ഏഷ്യൻ മേഖലാ മത്സരങ്ങളിൽ മേരി കോം പങ്കെടുത്തിരുന്നു. മത്സരം കഴിഞ്ഞ് തിരിച്ചെത്തിയത് മാർച്ച് 13-ന്.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തിയവർ 14 ദിവസം സ്വയം ഏകാന്തവാസത്തിൽ കഴിയണമെന്ന് നിർദേശമുണ്ട്.

ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാംഗങ്ങൾക്കായി രാഷ്ട്രപതി മാർച്ച് 18-ന് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് മേരി കോം പങ്കെടുത്തത്. വിരുന്നിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ രാഷ്ട്രപതി പങ്കുവെച്ചിരുന്നു.

കൊറോണ വൈറസ് ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂർ പങ്കെടുത്ത പാർട്ടിയിൽ സന്നിഹിതനായിരുന്ന ബി.ജെ.പി. എം.പി. ദുഷ്യന്ത് സിങ്ങും ഈ വിരുന്നിലെത്തിയിരുന്നു. ദുഷ്യന്ത് സിങ് ഇപ്പോൾ നിരീക്ഷണത്തിലാണ്.

രാഷ്ട്രപതി ഒരുക്കിയ വിരുന്നിനിടെ ദുഷ്യന്ത് സിങ്ങിനെ കണ്ടിട്ടില്ലെന്ന് മേരി കോം പ്രതികരിച്ചു. “ജോർദാനിൽനിന്ന് മടങ്ങിയെത്തിയ ഞാൻ നിരീക്ഷണത്തിലായിരുന്നു. രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുക്കാൻ മാത്രമാണ് പിന്നീട് പുറത്തിറങ്ങിയത്. ദുഷ്യന്ത് സിങ്ങിനെ കാണുകയോ കൈകൊടുക്കുകയോ ചെയ്തിട്ടില്ല” -മേരി കോം ട്വിറ്ററിൽ കുറിച്ചു. മേരി കോമിന്റെയും ദുഷ്യന്ത് സിങ്ങിന്റെയും വാർത്തകൾ പുറത്തുവന്നതോടെ രാഷ്ട്രപതിയും കൊറോണ ടെസ്റ്റിനു വിധേയനാകാൻ ഒരുങ്ങുകയാണ്.