ന്യൂഡൽഹി: നിബന്ധനകൾക്ക് വിധേയമായി ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും ക്രിക്കറ്റ് ടീമിന് പങ്കെടുക്കാമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സ്വയംഭരണാധികാരത്തെ ബാധിക്കാൻ പാടില്ലെന്നതാണ് പ്രധാന നിബന്ധന.

അന്താരാഷ്ട്ര കായികമേളകളിൽ ഇന്ത്യയുടെ ക്രിക്കറ്റ് ടീം പങ്കെടുക്കാത്തത് നേരത്തേ ചർച്ചയായിരുന്നു. ഇത്തരം മേളകളിൽ പങ്കെടുക്കണമെങ്കിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റിയുടെയും നിബന്ധനകൾ പാലിക്കണം. അതിന് സമ്മതമല്ലാത്തതുകൊണ്ടാണ് നേരത്തേ ടീമുകളെ പങ്കെടുപ്പിക്കാതിരുന്നത്. ഇക്കാര്യത്തിൽ ഇപ്പോൾ ബി.സി.സി.ഐ. നയം വ്യക്തമാക്കിയിരിക്കുന്നു.

‘‘ഞങ്ങളെ ഭരിക്കാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ അനുവദിക്കാനാകില്ല. അതാണ് പ്രധാന നിബന്ധന. ക്രിക്കറ്റ് ബോർഡിന്റെ സ്വാതന്ത്ര്യവും സ്വയംഭരണവും അടിയറവെക്കാനാകില്ല. അത് ഉറപ്പാക്കിക്കൊണ്ട് ഒളിമ്പിക്‌സിൽ പങ്കെടുക്കാനാകുമോ എന്ന് അന്വേഷിക്കുന്നു. അങ്ങനെയെങ്കിൽ 2028 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സിലും കോമൺവെൽത്ത്‌ ഗെയിംസുകളിലും ഇന്ത്യൻ ടീം മത്സരിക്കും’’ -വെള്ളിയാഴ്ച ഉന്നതതല യോഗത്തിനുശേഷം ബി.സി.സി.ഐ. ഉന്നതൻ വ്യക്തമാക്കി.