മഡ്രിഡ്: സസ്പെൻഷൻ കഴിഞ്ഞുള്ള തിരിച്ചുവരവിൽ ഗോളോടെ തിളങ്ങി സൂപ്പർ താരം ലയണൽ മെസ്സി. സ്പാനിഷ് കിങ്‌സ് കപ്പിൽ റയോ വല്ലെക്കാനോയ്ക്കെതിരെയാണ് ബാഴ്‌സലോണ താരം സ്കോർ ചെയ്തത്. പിന്നിൽനിന്ന് പൊരുതിക്കയറിയ ബാഴ്‌സ വല്ലെക്കാനോയെ കീഴടക്കി (2-1) ക്വാർട്ടർ ഫൈനലിൽ കടന്നു. മെസ്സിക്ക് (69) പുറമെ ഫ്രാങ്ക് ഡി ജോങ്ങും (80) ഗോൾ നേടി. ഗാർഷ്യ ടോറസ് (63) വല്ലെക്കാനോയ്ക്കായി സ്കോർ ചെയ്തു.

ക്ലബ്ബ് കരിയറിൽ ആദ്യമായി ചുവപ്പുകാർഡ് കണ്ട മെസ്സിക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ അത്‌ലറ്റിക്കോ ബിൽബാവോയ്ക്കെതിരായ മത്സരത്തിലാണ് മെസ്സി ചുവപ്പുകാർഡ് കണ്ടത്. വിലക്കിനുശേഷം തിരിച്ചെത്തിയ കളിയിലാണ് ഗോൾ നേടിയത്. ഗാർഷ്യയുടെ ഗോളിൽ വല്ലെക്കാനോ ലീഡ് നേടിയപ്പോഴാണ് ബാഴ്‌സ മെസ്സിയിലൂടെ തിരിച്ചടിച്ചത്. അന്റോയിൻ ഗ്രീസ്മാന്റെ പാസിൽനിന്നാണ് ഗോൾ വന്നത്. ജോർഡി ആൽബയുടെ പാസിൽ നിന്നാണ് ഫ്രാങ്ക് ഡി ജോങ് സ്കോർ ചെയ്തത്.

കരുത്തരായ റയൽ മഡ്രിഡും അത്‌ലറ്റിക്കോ മഡ്രിഡും പുറത്തായതോടെ കിരീടം നേടാൻ ബാഴ്‌സയുടെ സാധ്യതകൾ വർധിച്ചിട്ടുണ്ട്. മറ്റൊരു കളിയിൽ സെവിയ വലൻസിയയെ തോൽപ്പിച്ചു (3-0). ലൂക്ക് ഡി ജോങ് ഇരട്ടഗോൾ (20, 33) നേടി. ഇവാൻ റാക്കിട്ടിച്ചും (38) സ്കോർ ചെയ്തു. റയൽ ബെറ്റിസ്, വിയ്യറയൽ, ലെവന്റെ, അൽമേരിയ ടീമുകളും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.