ബർമിങ്ങാം: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഒന്നാം ആഷസ് ടെസ്റ്റിന്റെ ഒന്നാംദിനത്തെ ‘ഇംഗ്ലണ്ടിന്റെ പേസർമാരും ഓസ്‌ട്രേലിയയുടെ സ്റ്റീവൻ സ്മിത്തും തമ്മിലുള്ള പോരാട്ടം’ എന്ന് സംഗ്രഹിക്കാം. ഇംഗ്ലീഷ് പേസ് ബൗളിങ്ങിനുമുന്നിൽ ഓസ്‌ട്രേലിയയുടെ മിക്ക ബാറ്റ്‌സ്‌മാൻമാർക്കും മുട്ടുവിറച്ചപ്പോൾ ശാന്തഗംഭീരമായി ക്രീസിൽ നിലയുറപ്പിച്ച സ്റ്റീവൻ സ്മിത്ത് ടീമിനെ കരകയറ്റി. ഒന്നാംദിനം കളിനിർത്താൻ രണ്ടുമണിക്കൂർ ശേഷിക്കേ ഓസ്‌ട്രേലിയ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു.

സ്റ്റീവൻ സ്മിത്ത് (92*), പീറ്റർ സിഡിൽ (44), ട്രാവിസ് ഹെഡ് 35 എന്നിവരാണ് പ്രധാന സ്കോറർമാർ. പിന്നെ രണ്ടക്കം കടന്നത് ഉസ്മാൻ ഖവാജ (13) മാത്രം. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവർട്ട് ബ്രോഡ് നാലുവിക്കറ്റും ക്രിസ് വോക്സ് മൂന്നുവിക്കറ്റും എടുത്തു. ബെൻ സ്റ്റോക്സും മോയിൻ അലിയും ഒാരോ വിക്കറ്റ് നേടി. എട്ടുവിക്കറ്റും പേസർമാർക്കായിരുന്നു.

കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാട്ടിയതിന് ഒരുവർഷത്തെ വിലക്കുനേരിട്ടശേഷം ടെസ്റ്റിലേക്ക് തിരിച്ചെത്തിയ സ്റ്റീവൻ സ്മിത്ത്, രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളുമായി ടീമിനെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചു.

കണക്കുതെറ്റി ഓസ്‌ട്രേലിയ

ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് ചെറിയ നിരാശയുണ്ടായിരുന്നു. പുല്ലുകളേയില്ലാത്ത പിച്ചിൽ തുടക്കത്തിൽ ബാറ്റിങ് എളുപ്പമാകുമെന്നും പിന്നീട് സ്പിന്നർമാർ കാര്യങ്ങൾ തീരുമാനിക്കുമെന്നും പെയ്ൻ അഭിപ്രായപ്പെട്ടു. എന്നാൽ, ഓസ്‌ട്രേലിയ ബാറ്റിങ് തുടങ്ങിയതോടെ കാര്യങ്ങൾ മാറി.

വാർണർ വീണപ്പോൾ

ഇന്നിങ്‌സിലെ രണ്ടാം ഓവറിലെ ആദ്യപന്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ മടങ്ങേണ്ടതായിരുന്നു. ബ്രോഡിന്റെ പന്തിൽ കീപ്പർ ബെയര്‍‌സ്റ്റോ ക്യാച്ചെടുത്തപ്പോൾ വലിയ അപ്പീലുണ്ടായി. അമ്പയർ ഔട്ട് നൽകിയില്ല. ഇംഗ്ലണ്ട് റിവ്യൂ നൽകിയതുമില്ല. എന്നാൽ, ബാറ്റ് ടച്ച് ഉണ്ടായിരുന്നതായി ടി.വി. റീപ്ലെയിൽ വ്യക്തമായി. ബ്രോഡിന്റെ രണ്ടാം ഓവറിലെ ആദ്യപന്തിൽ വാർണർക്കെതിരായ എൽ.ബി. അപ്പീൽ ഉണ്ടായി. അമ്പയർ നൽകിയില്ല. റിവ്യൂ നൽകിയ ഇംഗ്ലണ്ടിന് പിഴച്ചു. ഇതേ ഓവറിലെ അഞ്ചാം പന്തിൽ വീണ്ടും എൽ.ബി. അപ്പീൽ. അമ്പയർ ഔട്ട് നൽകി. വാർണർ (2) റിവ്യൂ നൽകിയില്ല. റീപ്ലേയിൽ ഔട്ട് ആയിരുന്നില്ലെന്ന് വ്യക്തമായി.

വാർണർക്ക് പിന്നാലെ ബാൻക്രോഫ്റ്റും (8) പോയതോടെ ഓസ്‌ട്രേലിയ രണ്ടിന് 17 എന്നനിലയിലായി.

ഒരേയൊരു സ്മിത്ത്

ഓസ്‌ട്രേലിയൻ നിരയിൽ പത്തുറൺസ് കടന്ന കൂട്ടുകെട്ടുകൾ നാലുമാത്രം. അതിൽ മൂന്നിലും സ്റ്റീവൻ സ്മിത്ത് ഉണ്ടായിരുന്നു. നാലാം വിക്കറ്റിൽ ട്രവിസ് ഹെഡി(35)നൊപ്പം 64 റൺസിന്റെ കൂട്ടുകെട്ട് വന്നതോടെയാണ് ഓസ്‌ട്രേലിയ ഒന്ന് തലയുയർത്തിയത്. ഹെഡ് മടങ്ങിയതോടെ നാലിന് 99 എന്നനിലയിലായി.

നാൽപ്പതാം ഓവറിലെ നാലാം പന്തിൽ ടിം പെയ്‌നിനെയും (5) ആറാം പന്തിൽ പാറ്റിൻസനെയും (0) മടക്കി ക്രിസ് വോക്സ് ആഞ്ഞടിച്ചു. മൂന്നിന് 99 ആയിരുന്ന ഓസ്‌ട്രേലിയ എട്ടിന് 122 എന്നതിലേക്ക് വീണത് 23 റൺസിനിടെ. എന്നാൽ, ഒമ്പതാം വിക്കറ്റിൽ 88 റൺസടിച്ച് സ്മിത്ത്-സിഡിൽ സഖ്യം ഒാസ്‌ട്രേലിയയ്ക്ക് പുതുജീവൻ നൽകി. സ്മിത്തിനേക്കാൾ വേഗത്തിൽ സ്കോർ ചെയ്ത സിഡിൽ നാലു ബൗണ്ടറി കണ്ടെത്തി. സ്വന്തം സ്കോർ 76-ൽനിൽക്കേ ഒരു റണ്ണൗട്ടിൽനിന്ന് സ്മിത്ത് രക്ഷപ്പെട്ടു. നേരിയ മഴ പെയ്തതിനാൽ വൈകുന്നേരത്തേ ചായയ്ക്കായി നേരത്തേ പിരിഞ്ഞു.

Content Highlights: Ashes Test