പെര്‍ത്ത്: ഓസീസ് ക്രിക്കറ്റിന്റെ ഒട്ടേറെ വിജയകഥകള്‍ വിരിഞ്ഞ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (വാക്ക) സ്റ്റേഡിയത്തോട് സ്റ്റീവന്‍ സ്മിത്തും സംഘവും ഇന്നിങ്‌സ് ജയത്തോടെ വിടപറഞ്ഞു. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 41 റണ്‍സിനും തോല്‍പ്പിച്ച് ഓസീസ് കിരീടം തിരിച്ചുപിടിച്ചു. ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള വാക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന അന്താരാഷ്ട്ര ടെസ്റ്റാണിത്. സ്‌കോര്‍: ഇംഗ്ലണ്ട് 403, 218. ഓസ്‌ട്രേലിയ ഒന്പതിന് 662 (ഡിക്ല).

ഇംഗ്ലണ്ടില്‍ 2015-ല്‍ നടന്ന അവസാന പരമ്പരയില്‍ ആതിഥേയര്‍ 3-2ന് ആഷസ് സ്വന്തമാക്കിയിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ആദ്യ മൂന്നു ടെസ്റ്റും ജയിച്ച് പരമ്പര ഉറപ്പിച്ച സ്റ്റീവന്‍ സ്മിത്തും സംഘവും ആഷസ് പരമ്പര വിജയങ്ങളില്‍ (33-32) ഇംഗ്ലണ്ടിനെ മറികടക്കുകയും ചെയ്തു. ആദ്യടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം.

മഴമൂലം അവസാനദിവസം കളി ഏറെസമയം മുടങ്ങിയത് തര്‍ക്കങ്ങള്‍ക്കും കാരണമായി. മഴ തോര്‍ന്നെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞിരിക്കുന്നതിനാല്‍ കളി തുടങ്ങാന്‍ അമ്പയര്‍മാര്‍ തയ്യാറായില്ല. ഉറപ്പായ വിജയം അകന്നുപോകുന്നതില്‍ ഓസ്‌ട്രേലിയന്‍ ടീം അസ്വസ്ഥരായി.

ലഞ്ചിനുശേഷമാണ് കളി നടന്നത്. നാലുവിക്കറ്റിന് 132 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ശേഷിച്ച ആറുവിക്കറ്റുകള്‍ 34.3 ഓവറില്‍ 86 റണ്‍സ് ചേര്‍ക്കുന്നതിനിടെ നിലംപൊത്തി. ഒന്നാം ഇന്നിങ്‌സില്‍ 403 റണ്‍സടിച്ചിട്ടും ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങിയെന്ന പേരുദോഷം ഇംഗ്ലണ്ടിനുമേല്‍ വീണു. ഇരട്ടസെഞ്ചുറിയടിച്ച് ഓസ്‌ട്രേലിയയെ വന്‍ലീഡിലേക്ക് നയിച്ച ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് (239) കളിയിലെ താരം.

നാലാം ടെസ്റ്റ് മെല്‍ബണിലും (ഡിസംബര്‍ 26 മുതല്‍) അഞ്ചാം ടെസ്റ്റ് സിഡ്‌നിയിലും (ജനുവരി നാലുമുതല്‍) നടക്കും.

ആഷസ് പരമ്പരകള്‍ 70

ഓസ്‌ട്രേലിയ ജയിച്ചത്-33

ഇംഗ്ലണ്ട് ജയിച്ചത്-32

സമനില-5

-ആദ്യ മൂന്നു ടെസ്റ്റുകളും ജയിച്ച് ഒരു ടീം പരമ്പര നേടുന്നത് പത്താം തവണ. (ഏഴുതവണയും ഓസീസാണ് ഈ നേട്ടം സ്വന്തമാക്കിയത്).

വിദേശപിച്ചില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ ഏഴാം പരമ്പര നഷ്ടം

വാക്കയില്‍ ഓസ്‌ട്രേലിയയുടെ

തുടര്‍ച്ചയായ എട്ടാം ടെസ്റ്റ് വിജയം