ഹോക്കി: ഇന്ത്യ-അയര്‍ലന്‍ഡ് സമീപകാലത്തെ പ്രകടനങ്ങളുയര്‍ത്തിയ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഹോക്കി ടീം കളത്തിലിറങ്ങുന്നത്. 108 വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ കളിക്കാനെത്തുന്ന അയര്‍ലന്‍ഡാണ് എതിരാളികള്‍. ചരിത്രത്തിലാദ്യമായി മലയാളിനായകനുകീഴില്‍ കളിക്കുന്ന ടീമിന് ജയത്തോടെ തുടക്കമിടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.

2000-ത്തിലെ സിഡ്‌നി ഒളിമ്പിക്‌സിനുശേഷം ഇന്ത്യന്‍ടീമിന് ആദ്യ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലും ഹോളണ്ടിനോട് തോറ്റാണ് തുടങ്ങിയത്. പരിശീലകന്‍ റൊളണ്ട് ഓള്‍ട്ട്മാന്‍സിന് കീഴില്‍ അടുത്തകാലത്ത് മികച്ചപ്രകടനമാണ് ടീം നടത്തുന്നത്. ശ്രീജേഷ് നയിച്ച ടീം ചാമ്പ്യന്‍സ് ഹോക്കിയില്‍ ആദ്യമായി വെള്ളിമെഡല്‍ നേടി. അവസാന സന്നാഹമത്സരത്തില്‍ സ്‌പെയിനെ തോല്‍പ്പിക്കാനായതും ആത്മവിശ്വാസം വര്‍ധിപ്പിച്ചഘടകമാണ്.

ഒളിമ്പിക്‌സിനുമുന്നോടിയായി സ്‌പെയിനില്‍ നടന്ന ആറു രാഷ്ട്രങ്ങളുടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ കളിച്ചിരുന്നു. അന്ന് 2-2 സമനിലയായിരുന്നു ഫലം. മുന്നേറ്റത്തില്‍ എസ്.വി. സുനില്‍, ആകാശ്ദീപ് സിങ്, രമണ്‍ദീപ് സിങ്, നികിന്‍ തിമ്മയ്യ എന്നിവരിലാണ് പ്രതീക്ഷ. മധ്യനിരയില്‍ മുന്‍ നായകന്‍ സര്‍ദാര്‍ സിങ്ങിന്റെ പ്രകടനമാകും നിര്‍ണായകം.
 
എസ്.കെ. ഉത്തപ്പ, ഡാനിഷ് മുജ്തബ, ദേവീന്ദര്‍ വാല്‍മീകി, മന്‍പ്രീത് സിങ് എന്നിവര്‍ സര്‍ദാറിനൊപ്പമുണ്ടാകും. പ്രതിരോധത്തില്‍ പെനാല്‍ട്ടികോര്‍ണര്‍ വിദഗ്ധരായ വി.ആര്‍. രഘുനാഥ്, രൂപീന്ദര്‍പാല്‍ സിങ്, കോത്തജിത് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് പ്രതിരോധനിരതാരങ്ങള്‍. പ്രതിരോധം ഏറെ മെച്ചപ്പെട്ടത് ടീമിന് ഗുണകരമാകും. ഗോള്‍വല കാക്കുന്ന ശ്രീജേഷ് മികച്ച ഫോമിലാണ്.

ലോകഹോക്കി ലീഗ് സെമിഫൈനല്‍സിലെ അഞ്ചാം സ്ഥാനമാണ് ഐറിഷ് ടീമിന് ഒളിമ്പിക് യോഗ്യത നേടിക്കൊടുത്തത്. അടുത്തിടെ അവര്‍ മലേഷ്യ, പാകിസ്താന്‍ ടീമുകളെ തോല്‍പ്പിച്ച് കരുത്തുകാട്ടിയിട്ടുണ്ട്. ക്രെയ്ഗ് ഫുള്‍ട്ടന്‍ പരിശീലിപ്പിക്കുന്ന ടീമില്‍ മിച്ച് ഡാര്‍ലിങ്ങാണ് അപകടകാരി. ഏറെക്കാലം ഒരുമിച്ച് കളിക്കുന്നവരുടെ സംഘമാണെന്നതും ഐറിഷ് ടീമിന് അനുകൂലഘടകമാണ്.