കോഴിക്കോട്: കളിയില്ല, ക്ലബ്ബില്ല, നാട്ടിലേക്കു പോകാനുള്ള വഴിയും തെളിയാതെ സങ്കടത്തിന്റെ നടുക്കടലിലാണ് ഗോകുലത്തിന്റെ മൂന്ന് വിദേശതാരങ്ങൾ. ട്രിനിഡാഡ് ആൻഡ്‌ ടുബാഗോ താരങ്ങളായ മർക്കസ് ജോസഫ്, പ്രതിരോധനിരതാരം ആന്ദ്രെ എറ്റീനെ, മധ്യനിരതാരം നഥാനിയേൽ ഗാർഷ്യ എന്നിവരാണ് കോഴിക്കോട്ട് കുടുങ്ങിക്കിടക്കുന്നത്. ക്ലബ്ബുമായുള്ള ഇവരുടെ കരാർ അവസാനിക്കുകയും ചെയ്തതോടെ ഫലത്തിൽ ഇവർക്ക് മേൽവിലാസമില്ലാതായി. ക്ലബ്ബിന്റെ കനിവുകൊണ്ട് പെരുവഴിയിലായില്ലെന്ന് മാത്രം.

ജൂൺ 30-ന് ടീമിലെ അഞ്ച് താരങ്ങളുടേയും കരാർ അവസാനിച്ചിരുന്നു. ശനിയാഴ്ച യുഗാൺഡ താരങ്ങളായ ഹെ റി കിസെക്കയും അതുഹൈയർ ക്രിപ്‌സണും നാട്ടിലേക്ക് വിമാനം കയറിയതോടെ ട്രിനിഡാഡ് താരങ്ങൾ മാത്രമായി കോഴിക്കോട്ട്. നിലവിൽ ടീം അംഗങ്ങളല്ലെങ്കിലും മൂന്ന് പേരുടെ താമസ-ഭക്ഷണ സൗകര്യം ക്ലബ്ബ് തുടരുന്നുണ്ട്. ഇതിനിടെ വിദേശതാരങ്ങളുടേയും ‘ലോക്ഡൗൺ ജീവിതം’ 103 ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസംവരെ ഇവരുടെയൊപ്പമുണ്ടായിരുന്ന കിസെക്കയ്ക്കും ക്രിപ്‌സണിനും അവരുടെ രാജ്യത്തിന്റെ ഇടപെടലാണ് മടങ്ങിപ്പോകാൻ അവസരമൊരുക്കിയത്. ട്രിനിഡാഡ് എംബസിയുമായി മൂന്ന് താരങ്ങളും ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. താരങ്ങളെ തിരിച്ചയക്കാൻ ഗോകുലം മാനേജ്‌മെന്റും ശ്രമം നടത്തുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ കളിക്കാരിൽ സമ്മർദത്തിന് കാരണവുമാകുന്നുണ്ട്.

ട്രിനിഡാഡ് താരങ്ങളെ അടുത്ത സീസണിലും കളിപ്പിക്കാൻ ഗോകുലം മാനേജ്‌മെന്റ് ആലോചിച്ചിരുന്നു. എന്നാൽ നാട്ടിൽ പോയി തിരിച്ചുവരുന്ന കാര്യത്തിൽ അനിശ്ചിതത്വമുള്ളതിനാലാണ് കരാർ പുതുക്കാത്തത്.