ഗോൾനേട്ടം വംശീയതയ്ക്കെതിരെയുള്ള പ്രതിഷേധമാക്കി ബൊറൂസ്സിയ താരം ജേഡൻ സാഞ്ചോയും മൊൺചെൻഗ്ലാഡ്ബാക്കിന്റെ മർക്കസ് തുറാമും.

വംശവെറിക്കിരയായി അമേരിക്കയിൽ പോലീസുകാരനാൽ കൊല്ലപ്പെട്ട ജോർജ് ഫ്ളോയ്ഡിന്റെ ഓർമയ്ക്കാണ് ഇരുവരും ഗോളുകൾ സമർപ്പിച്ചത്. പാഡർബോണിനെതിരേ ആദ്യ ഗോൾ നേടിയ ശേഷം സാഞ്ചോ ഫ്ളോയ്ഡിന് നീതി വേണമെന്നെഴുതിയ അകക്കുപ്പായം പ്രദർശിപ്പിച്ചു. ജേഴ്‌സി ഊരിക്കളഞ്ഞായിരുന്നു ഇത്.

മർക്കസ് തുറാമാകട്ടെ യൂണിയൻ ബെർലിനെതിരേ ഗോൾ നേടിയ ശേഷം മുട്ടിലിരുന്ന് തലകുനിച്ചാണ് പ്രതിഷേധിച്ചത്. ആഫ്രിക്കൻ വംശജനായ ഫ്ളോയ്ഡിനെ അമേരിക്കയിലെ മിനിയപോളിസ് പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിൻ വംശവെറി കാരണം കഴുത്തുഞെരിച്ച് കൊന്നതിൽ കായികലോകത്തും പ്രതിഷേധം ശക്തമാണ്.