കാഠ്മണ്ഡു: ദക്ഷിണേഷ്യൻ ഗെയിംസിന്റെ അഞ്ചാംദിനമായ വ്യാഴാഴ്ച 24 സ്വർണം നേടിയ ഇന്ത്യ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് കുതിക്കുന്നു. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മലയാളി താരം കാർത്തിക് ഉണ്ണികൃഷ്ണൻ സ്വർണവും വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയ് വെള്ളിയും നേടി.
പാലക്കാട് തലപ്പൊറ്റ സ്വദേശിയായ കാർത്തിക് 16.47 മീറ്റർ ചാടിക്കടന്നാണ് ഒന്നാമനായത്.
ഈയിനത്തിൽ ഇന്ത്യയുടെ മുഹമ്മദ് സലാഹു (16.16 മീ.) വെള്ളി നേടി. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ അപർണ റോയി 14.13 സെക്കൻഡിൽ 100 മീറ്റർ ഹർഡിൽസ് പൂർത്തിയാക്കി വെള്ളി നേടി. ശ്രീലങ്കയുടെ ലക്ഷിക സുഗന്ധ് (13.68 സെക്കൻഡ്) സ്വർണം നേടി.
വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ഭൈവവി റോയ് (12.77) വെങ്കലം നേടി. ശ്രീലങ്കയുടെ ഹഷിണി പ്രബോധിനാണ് (13.21 മീ.) സ്വർണം. വനിതകളുടെ 400 മീറ്ററിൽ എച്ച്. പ്രിയ വെള്ളിയും (54.31 സെ.), പുരുഷവിഭാഗത്തിൽ കെ. ജീവൻ (47.42 സെ.) വെങ്കലവും നേടി. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ ജെ. സുരേന്ദർ (14.37) വെള്ളി നേടി.
ഷൂട്ടിങ്, ബാഡ്മിന്റൺ ഇനങ്ങളിൽ ഇന്ത്യ വലിയ നേട്ടമുണ്ടാക്കി. മത്സരം അഞ്ചുദിവസം പിന്നിടുമ്പോൾ 58 സ്വർണവും 41 വെള്ളിയും 19 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 118 ആയി. നേപ്പാൾ (36 സ്വർണം, 26 വെള്ളി, 34 വെങ്കലം) രണ്ടാംസ്ഥാനത്തും ശ്രീലങ്ക (16-31-52) മൂന്നാം സ്ഥാനത്തും നിൽക്കുന്നു.