ദോഹ: ഏഷ്യൻ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. വനിതകളുടെ ഹെപ്റ്റത്തലണിൽ സ്വപ്ന ബർമനും 4-400 മീറ്റർ മിക്സഡ് റിലേ ടീമുമാണ് വെള്ളിമെഡൽ നേടിയത്.
ഹെപ്റ്റത്തലണിൽ 5993 പോയന്റോടെയാണ് സ്വപ്നയുടെ നേട്ടം. ഉസ്ബെക്കിസ്താന്റെ എകറ്റെറീന വെറോണിക്ക (6198) സ്വർണവും ചൈനയുടെ വാങ് ക്യുയാങ് ലിങ് (5289) വെങ്കലവും നേടി. ഇന്ത്യയുടെ പൂർണിമ ഹെബ്രാം അഞ്ചാംസ്ഥാനത്തായി.
മിക്സഡ് റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി. വിസ്മയ എന്നിവർക്കൊപ്പം ആരോക്യ രാജീവും പൂവമ്മയും ഉൾപ്പെട്ട ടീം മൂന്ന് മിനിറ്റ് 16.47 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. ബഹ്റൈൻ ടീമിനാണ് സ്വർണം. ജപ്പാൻ വെങ്കലം നേടി.
വനിതകളുടെ 200 മീറ്ററിൽ ദ്യൂതി ചന്ദ് സെമിഫൈനലിൽ കടന്നു. 23.33 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഹീറ്റ്സിൽ ഒന്നാമതായാണ് ഇന്ത്യൻ താരം മുന്നേറിയത്. ദ്യൂതിയുടെ സീസണിലെ മികച്ച സമയമാണിത്. അതേസമയം, 1500 മീറ്ററിൽ മെഡൽ പ്രതീക്ഷയായ മലയാളി താരം ജിൻസൻ ജോൺസൻ പരിക്കുമൂലം പിൻമാറി. ഈയിനത്തിൽ അജയ്കുമാർ സരോജ് ഫൈനലിൽ കടന്നിട്ടുണ്ട്. വനിതകളുടെ സ്റ്റീപ്പിൾചേസിൽ ഇന്ത്യൻ താരം പറുൾ ചൗധരി അഞ്ചാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മീറ്റിൽ രണ്ടുസ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 12 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഏഴ് സ്വർണമടക്കം 22 മെഡലുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത്.