മെല്‍ബണ്‍: അര്‍ജന്റീനാ പരിശീലകനായി യോര്‍ഗെ സാംപോളിക്ക് വിജയത്തുടക്കം. ബ്രസീലിന്റെ പരിശീലകനായ ടിറ്റെയ്ക്ക് ഒമ്പതു തുടര്‍വിജയങ്ങള്‍ക്കുശേഷം ആദ്യതോല്‍വി. സൂപ്പര്‍ ക്ലാസിക്കോ സൗഹൃദമത്സരത്തില്‍ ബ്രസീലിനെ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ, പ്രതിരോധതാരം ഗബ്രിയേല്‍ മെര്‍ക്കാഡോയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മികച്ച അവസരങ്ങള്‍ കിട്ടിയിട്ടും ഗോള്‍വല ചലിപ്പിക്കാനാകാത്ത ബ്രസീലിന് സ്വയം പഴിക്കാം.

ബ്രസീല്‍-അര്‍ജന്റീന വാര്‍ഷിക ഫുട്‌ബോള്‍ മത്സരമായ അമേരിക്കന്‍ സൂപ്പര്‍ ക്ലാസിക്കോയില്‍ ഇതാദ്യമായാണ് അര്‍ജന്റീന ജേതാക്കളാകുന്നത്. 2011, 12, 14 വര്‍ഷങ്ങളില്‍ ബ്രസീലിനായിരുന്നു വിജയം. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പ്രതിസന്ധിയിലായ അര്‍ജന്റീനയ്ക്ക് ഈ വിജയം ആത്മവിശ്വാസം പകരും.

അര്‍ജന്റീനാ പരിശീലകനായി കഴിഞ്ഞയാഴ്ച സ്ഥാനമേറ്റ യോര്‍ഗെ സാംപോളിക്കുകീഴില്‍ ടീമിന്റെ ആദ്യമത്സരമായിരുന്നു ഇത്. ചിലിക്ക് രണ്ടുതവണ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്ത സാംപോളിയെ വിജയത്തോടെ സ്വീകരിക്കാനായത് ടീമിനും ആരാധകര്‍ക്കും ആവേശംപകരും.

അതേസമയം, കഴിഞ്ഞ ജൂണില്‍ ബ്രസീലിന്റെ പരിശീലകനായെത്തിയ ടിറ്റെ തുടര്‍ച്ചയായ ഒമ്പതു ജയങ്ങള്‍ക്കുശേഷം ആദ്യതോല്‍വി രുചിക്കുകയായിരുന്നു, ഇവിടെ. തുടര്‍ജയങ്ങളിലൂടെ ബ്രസീലിനെ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തിച്ച ടിറ്റെയ്ക്ക് ആദ്യതോല്‍വി ബദ്ധശത്രുക്കളില്‍നിന്നുതന്നെയായി.
 
നെയ്മറില്ലാതെ ബ്രസീല്‍

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു വെള്ളിയാഴ്ച മത്സരം. ചിരവൈരികളായ ബ്രസീലിനെ തോല്‍പ്പിച്ച് ഇനിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ധനം സംഭരിക്കാന്‍ ഒരുങ്ങിയെത്തിയ അര്‍ജന്റീന മെസ്സി, ഹിഗ്വെയ്ന്‍, ഡി മരിയ, ഡിബാല തുടങ്ങി പ്രമുഖരെ ആദ്യ ഇലവനില്‍ അണിനിരത്തി.

സൂപ്പര്‍ താരം നെയ്മര്‍, ഡാനി ആല്‍വസ്, മാഴ്‌സലോ തുടങ്ങിയവര്‍ ഇല്ലാതെയാണ് ടിറ്റെ ബ്രസീല്‍ അന്തിമ ഇലവനെ ഇറക്കിയത്. കാസെമിറോ, മാര്‍ക്വിനോസ്, മിരാന്‍ഡ റോബര്‍ട്ടോ, ഫിര്‍മിനോ, ഗബ്രിയേല്‍ ബാര്‍ബോസ തുടങ്ങിയവരും ടീമില്‍ ഉണ്ടായിരുന്നില്ല.

ഹിഗ്വെയ്‌നെ ഏകസ്‌ട്രൈക്കറാക്കി അര്‍ജന്റീനയും ഗബ്രിയേല്‍ ജീസസിനെ ഏകസ്‌ട്രൈക്കറാക്കി ബ്രസീലും 4-5-1 ഫോര്‍മേഷനിലാണ് കളിക്കാനിറങ്ങിയത്.

ഹിഗ്വെയ്‌നു പിന്നില്‍ ഡി മരിയയും ഡിബാലയും മെസ്സിയും അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു. കുടീന്യോ, അഗസ്റ്റോ, വില്യന്‍ എന്നിവരാണ് ബ്രസീലിന്റെ മുന്നേറ്റത്തിന് കരുത്തേകിയത്.
 
മെര്‍ക്കാഡോ മാജിക്

കളിയുടെ തുടക്കത്തില്‍ത്തന്നെ അര്‍ജന്റീന ഗോളിനടുത്തെത്തി. ആറാം മിനിറ്റില്‍ ഡി മരിയയുടെ ഉഗ്രന്‍ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് ബ്രസീല്‍ വലയില്‍ കയറാതെപോയത്. എന്നാല്‍, ആദ്യ പകുതിയില്‍ത്തന്നെ ഗോളടിച്ച് വിജയത്തിന് അടിത്തറയിട്ടു. ഇടവേളയ്ക്ക് പിരിയാനുള്ള വിസിലിന് കാതോര്‍ത്തുതുടങ്ങിയപ്പോഴാണ് ഡി മരിയയുടെ ലോങ് ബോളില്‍നിന്ന് ഗോള്‍പിറന്നത്. ഒട്ടാമെന്‍ഡിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയപ്പോള്‍ ഗോള്‍പോസ്റ്റിനുമുന്നിലായിരുന്ന മെര്‍ക്കാഡോയ്ക്ക് ലക്ഷ്യം വളരെ എളുപ്പമായി. സെവിയ്യ താരമായ മെര്‍ക്കാഡോ ദേശീയ ടീമിനുവേണ്ടി നേടുന്ന മൂന്നാം ഗോളാണിത്.

64-ാം മിനിറ്റില്‍ ഒപ്പെമെത്താന്‍ ബ്രസീലിന് സുവര്‍ണാവസരം കിട്ടിയതാണ്. മധ്യനിരയില്‍നിന്നുവന്ന ലോങ് പാസ് സ്വീകരിച്ച ഗബ്രിയേല്‍ ജീസസ് അര്‍ജന്റീന ഗോളി റൊമേറോയെയും കബളിപ്പിച്ച് മുന്നില്‍ക്കയറിയതാണ്. പോസ്റ്റിലിടിച്ച് റീബൗണ്ട് ചെയ്ത പന്ത് വില്യന്റെ കാലുകള്‍ക്ക് കണക്കായിക്കിട്ടി. എന്നാല്‍, ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഷൂട്ടുചെയ്തപ്പോള്‍ വില്യനും പിഴച്ചു.

ഒപ്പമെത്താന്‍ ബ്രസീല്‍ അവസാനംവരെ കിണഞ്ഞുശ്രമിച്ചു. ചില അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും അന്തിമജയം അര്‍ജന്റീനയ്ക്കുതന്നെയായിരുന്നു.

ഓഗസ്റ്റിലാണ് അര്‍ജന്റീനയുടെ നിര്‍ണായക ലോകകപ്പ് യോഗ്യതാ മത്സരം. ഓഗസ്റ്റ് 31-ന് അവര്‍ യുറഗ്വായെ നേരിടുമ്പോള്‍, ഇതിനകം ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞ ബ്രസീല്‍ ഇതേദിവസം ഇക്വഡോറിനെ നേരിടും.