ന്യൂയോർക്ക്: അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫയ്ക്കെതിരായ അഴിമതി ആരോപണത്തിൽ പുതിയ തെളിവുകളുമായി അമേരിക്കയുടെ അന്വേഷണ സംഘം. 2018ൽ റഷ്യയ്ക്കും 2022ൽ ഖത്തറിനും ഫുട്‌ബോൾ ലോകകപ്പ് അനുവദിക്കുന്നതിനായി ഫിഫ എക്സിക്യുട്ടീവ് അംഗങ്ങൾ കൈക്കൂലി കൈപ്പറ്റിയെന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി. അഞ്ചുവർഷം മുമ്പ്, ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെത്തുടർന്ന് പ്രസിഡന്റ് സെപ് ബ്ലാറ്റർക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥാനം ഏറ്റെടുത്തത്.

അതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ തിങ്കളാഴ്ച പുറത്തുവിട്ട 69 പേജുള്ള റിപ്പോർട്ടിലുണ്ട്.

2010ലെ ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് 2018 ലോകകപ്പ് റഷ്യക്കും 2022 ലോകകപ്പ് ഖത്തറിനും അനുവദിച്ചത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ പല പ്രമുഖർക്കും കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടെന്നും ഇതിലെ ഭൂരിഭാഗവും അത് കൈപ്പറ്റിയെന്നും അന്വേഷണ സംഘം പറയുന്നു.

ബ്രസീൽ ഫുട്‌ബോൾ പ്രസിഡന്റായിരുന്ന റിക്കാർഡോ ടെക്‌സേര, ലാറ്റിനമേരിക്കൻ ഫുട്‌ബോൾ സംഘടനയുടെ പ്രസിഡന്റായിരുന്ന നിക്കോളാസ് ലിയോസ് തുടങ്ങിയവർ 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിക്കുന്നതിനായി പണം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്നു. വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ ഫുട്‌ബോൾ കൂട്ടായ്മയായ കോൺകകാഫ് തലവനും ഫിഫ വൈസ് പ്രസിഡന്റുമായിരുന്ന ജാക് വെർണർ, 2018 ലോകകപ്പ് വേദി റഷ്യയ്ക്ക് അനുവദിക്കാനായി 35 കോടിയോളം രൂപ കൈക്കൂലി വാങ്ങി. ഇദ്ദേഹത്തെ പിന്നീട് ഫിഫ പുറത്താക്കിയിരുന്നു. ഗ്വാട്ടിമാലയുടെ ഫുട്‌ബോൾ തലവനായ റാഫേൽ സൽഗൂരോ കൈക്കൂലി വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. വേദി തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പിൽ തങ്ങൾ പറയുന്ന രാജ്യത്തിന് അനുകൂലമായി വോട്ടുചെയ്യണം എന്നാവശ്യപ്പെട്ടാണ് ഇടനിലക്കാർ ഫിഫ തലവൻമാരെ സമീപിച്ചത്.

സംപ്രേഷണാവകാശത്തിനും കൈക്കൂലി

ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കുന്നതിലും അഴിമതി നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. 2018, 2022 ലോകകപ്പുകളുടെ സംപ്രേഷണാവകാശം ലേലം ചെയ്യുന്നതിന്റെ രഹസ്യങ്ങൾ അറിയാൻ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് കൈക്കൂലി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടിലുണ്ട്.

Content Highlights: allegations against FIFA