സൂറിച്ച്: ഒളിമ്പിക്സിനിടെ പിൻമാറിയ അൾജീരിയൻ ജൂഡോ താരത്തിനും പരിശീലകനും പത്ത് വർഷത്തെ വിലക്ക്. ടോക്യോ ഒളിമ്പിക്സിൽ ഇസ്രയേൽ താരത്തെ നേരിടുന്നത് ഒഴിവാക്കാൻ പിൻമാറിയ ഫേത്തി നൗറിനും പരിശീലകൻ അമർ ബെനിക് ലെഫിനുമെതിരേയാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ആദ്യമത്സരം ജയിച്ചതിന് ശേഷമായിരുന്നു പിൻമാറ്റം.

30-കാരനായ ഫേതി 73 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് താരം പിൻമാറ്റം പ്രഖ്യാപിച്ചത്. താരവും പരിശീലകനും രാഷ്ട്രീയവും മതപരവുമായ പ്രചാരണത്തിന് മത്സരവേദിയെ ഉപയോഗിച്ചെന്ന് ഫെഡറേഷൻ കണ്ടെത്തി. ഒളിമ്പിക് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ഫെഡറേഷൻ ഗവേണിങ് ബോഡി വ്യക്തമാക്കി.

മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അൾജീരിയ ഒളിമ്പിക് കമ്മിറ്റി ഇരുവരേയും സസ്പെൻഡ്‌ ചെയ്യുകയും ഒളിമ്പിക്സിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. അച്ചടക്കനടപടിക്കെതിരേ ഇരുവർക്കും അന്താരാഷ്ട്ര കായികതർക്കപരിഹാര കോടതിയെ സമീപിക്കാം.