കൊച്ചി: കോവിഡ് മഹാമാരിയുടെ കാലത്ത്‌ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ‘ഡബിൾ വാക്സിൻ’ കുത്തിവെച്ചാണ് കേരളം കാത്തിരിക്കുന്നത്. ആദ്യം കൊച്ചിയിൽ നടക്കുന്ന യോഗ്യതാറൗണ്ടിൽ ഒന്നാമന്മാരാകുക. പിന്നെ മലപ്പുറത്തുനടക്കുന്ന ഫൈനൽ റൗണ്ടിൽ ചാമ്പ്യന്മാരാകുക. എല്ലാത്തിന്റെയും തുടക്കമായി ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക്‌ കൊച്ചിയിലെ ജവാഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കേരളം പന്തുതട്ടിത്തുടങ്ങും. സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ ബി ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ലക്ഷദ്വീപാണ് കേരളത്തിന്റെ എതിരാളികൾ. വൈകുന്നേരം മൂന്നുമണിക്കു നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ആന്തമാൻ പോണ്ടിച്ചേരിയെ നേരിടും.

ബിനോയുടെ യുവനിര

ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ പ്രൊഫഷണൽ കോച്ചിങ് ഡിപ്ലോമ നേടിയ കേരളത്തിൽനിന്നുള്ള ആദ്യകോച്ചായ ബിനോ ജോർജിന്റെ കീഴിലാണ് കേരളം സന്തോഷ് ട്രോഫിക്ക്‌ ഒരുങ്ങുന്നത്. പ്രൊഫഷണലിസത്തിന്റെ വക്താവായ ബിനോ ആ സ്പർശത്തിൽതന്നെയാണ് യുവനിരയെ ഒരുക്കിയിട്ടുള്ളത്. ആറുതവണ സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള ക്യാപ്റ്റൻ ജിജോ ജോസഫ് മുതൽ പുതുമുഖ താരം മുഹമ്മദ് അജ്‌സാൽ വരെയുള്ളവരെ ഒരേ ആവേശത്തിൽ അണിനിരത്താനാണ് ബിനോയുടെ പദ്ധതി.

ഏതു ടീമിലായാലും 4-3-3 എന്ന ശൈലിയിലോ 3-4-3 എന്ന ശൈലിയിലോ ആക്രമണ ഫുട്‌ബോൾ ഇഷ്ടപ്പെടുന്ന ബിനോ അതേ പദ്ധതിയിലാകും കേരളത്തെയും അണിനിരത്തുന്നത്. പ്രതിരോധത്തിൽ ആസിഫും സഞ്ജുവും ബാസിതും സഹീഫും വരുമ്പോൾ മധ്യനിരയിൽ അർജുൻ ജയരാജും അഖിലുമാണ് കോച്ചിന്റെ മനസ്സിലുള്ളത്. മുന്നേറ്റത്തിൽ യുവതാരങ്ങളായ അജ്‌സലിനും സഫ്‌നാദിനുമൊപ്പം പരിചയസമ്പന്നനായ എസ്. രാജേഷുമുണ്ട്. രണ്ട്‌ അണ്ടർ 21 താരങ്ങളെ ആദ്യഇലവനിൽ മുന്നേറ്റത്തിൽ കളിപ്പിക്കുകയാണെങ്കിൽ രാജേഷ് പകരക്കാരനായാകും എത്തുക. വിങ്ങുകളിലൂടെ കുതിക്കാൻ ബുജൈറിനെയോ നൗഫലിനെയോ ആകും കോച്ച് കൂടുതൽ ആശ്രയിക്കുന്നത്.

ടീമായി ലക്ഷദ്വീപ്

വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിൽ വിശ്വസിച്ചാണ് ലക്ഷദ്വീപ് കൊച്ചിയിലെ പോരാട്ടത്തിനെത്തുന്നത്. മലയാളി കോച്ച് മിൽട്ടൻ ആന്റണിയാണ് ലക്ഷദ്വീപിനെ ഒരുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിൽ കളിച്ച അസർ, ഐമൻ എന്നിവർ ഒഴിച്ചാൽ പ്രൊഫഷണൽ സ്പർശമുള്ള താരങ്ങളൊന്നും ടീമിലില്ല. കോഴിക്കോട് കല്ലാനോട് സ്കൂളിൽ മൂന്നാഴ്ചയോളംനീണ്ട ക്യാമ്പിനുശേഷമാണ് ടീം കൊച്ചിയിലെത്തിയിരിക്കുന്നത്.