കോഴിക്കോട്: ദേശീയ വനിതാ ഫുട്‌ബോളിൽ കേരളത്തിന് ജയം. ആദ്യകളിയിൽ മിസോറമിനോട് തോറ്റ ആതിഥേയർ ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് കീഴടക്കിയത്. എന്നാൽ, ഗ്രൂപ്പ് ജി-യിലെ മറ്റൊരുകളിയിൽ മിസോറം എതിരില്ലാത്ത നാലുഗോളുകൾക്ക് മധ്യപ്രദേശിനെ തകർത്തതോടെ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു. വിനീതാ വിജയൻ (44), മാനസ (75), ഫെമിനാ രാജ് (86) എന്നിവർ കേരളത്തിനായും ഭഗവതി ചൗഹാൻ (52) ഉത്തരാഖണ്ഡിനായും ഗോൾ നേടി.

വിനീതാ വിജയൻ നേടിയ ഗോളിൽ ആദ്യപകുതിയിൽ കേരളം മുന്നിലെത്തി. എന്നാൽ, ഭഗവതി ചൗഹാൻ ഉത്തരാഖണ്ഡിനായി സമനിലഗോൾ കണ്ടെത്തി. കേരള പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് മുന്നേറിയാണ് ചൗഹാൻ വലകുലുക്കിയത്.

തുടർന്ന് വിജയത്തിനായി ആക്രമണം ശക്തമാക്കിയെങ്കിലും സുവർണാവസരങ്ങൾ മുതലെടുക്കാൻ പരാജയപ്പെട്ടതോടെ ലീഡെടുക്കാൻ ആതിഥേയർക്ക് 75-ാം മിനിറ്റുവരെ കാക്കേണ്ടിവന്നു. വലതുവശത്തുകൂടി മുന്നേറി അതുല്യ നൽകിയ ക്രോസിൽ ഹെഡ്ഡറിലൂടെ മാനസനേടിയ ഗോളിലാണ് കേരളം വീണ്ടും മുന്നിലെത്തിയത്. പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫെമിനാ രാജ് ആതിഥേയരുടെ വിജയമുറപ്പിച്ചു. ഫെമിനയെ ബോക്സിൽ ഫൗൾചെയ്ത് വീഴ്ത്തിയതിനാണ് പെനാൽട്ടി അനുവദിച്ചത്.

അവസാന ഗ്രൂപ്പ് മത്സരത്തിൽ വ്യാഴാഴ്ച കേരളം മധ്യപ്രദേശിനെയും മിസോറം ഉത്തരാഖണ്ഡിനെയും നേരിടും. മിസോറമിന് ക്വാർട്ടറിലേക്ക് മുന്നേറാൻ സമനിലമാത്രം മതിയാവും. ഗ്രൂപ്പ് എഫിൽ ഹരിയാണ ആന്ധ്രയെയും (4-0) ഒഡിഷ ഗുജറാത്തിനെയും (7-0) തോൽപ്പിച്ചു.

റെയിൽവേസിന് ജയം

കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽനടന്ന കളിയിൽ റെയിൽവേസ് എതിരില്ലാത്ത അഞ്ചുഗോളിന് ദാദ്ര ആൻഡ്‌ നഗർ ഹവേലിയെ തോൽപ്പിച്ചു. റെയിൽവേക്കായി മമ്ത നാലുഗോൾ നേടി. രണ്ടു കളിയും തോറ്റ ദാദ്ര നഗർ ടൂർണമെന്റിൽനിന്ന് പുറത്തായി.